ബെംഗളൂരുവിൽ യുവതിയെ കടന്നുപിടിച്ച കേസ്; 10 ദിവസങ്ങൾക്ക് ശേഷം പ്രതി കോഴിക്കോട്ടുനിന്ന് പിടിയിൽ; ഒളിവിൽ കഴിഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ; പ്രതിയെ പോലീസ് വലയിലാക്കിയത് 700ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണം; അക്രമം മദ്യലഹരിയിലെന്ന് പോലീസ്
കോഴിക്കോട്: ബെംഗളൂരുവിലെ ബിടിഎം ലേഔട്ട് ഏരിയയില്‍ യുവതിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ പ്രതിയെ പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂട. കോഴിക്കോട് നിന്നാണ് പ്രതി അറസ്റ്റിലായത്. 700-ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ വലയിലാക്കിയത്. സംഭവത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലായി പ്രതി ഒളിച്ചുതാമസിക്കുകയായിരുന്നു. ബെംഗളൂരുവിലെ ഒരു ജാഗ്വാര്‍ ഷോറൂമില്‍ ഡ്രൈവറായി ജോലിചെയ്തിരുന്ന സന്തോഷ് (26) എന്നയാളാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട്ടെ ഒരു ഉള്‍പ്രദേശത്ത് നിന്നാണ് ഇയാള്‍ പിടിയിലായത് എന്നാണ് വിവരം.
ഏപ്രില്‍ മൂന്ന് വ്യാഴാഴ്ച രാത്രി 1.55ഓടെയാണ് കേസിന് ആസ്പദമായ സംഭവം. ആളൊഴിഞ്ഞ വഴിയിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ഇയാൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരും പരാതിയുമായി എത്തിയിരുന്നില്ല. സമീപത്തെ ഒരു വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇത് കണ്ട വീട്ടുടമ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. പോലീസ് സ്വമേധയാ കേസെടുത്താണ് അന്വേഷണം നടത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 74 (സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തുക എന്ന ഉദ്ദേശ്യത്തോടെ ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 75 (ലൈംഗിക പീഡനം), 78 (അപായപ്പെടുത്താനുള്ള ലക്ഷ്യത്തോടെ പിന്തുടരുക) എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.
സംഭവം നടന്ന വഴിയിലെ ഒരു കെട്ടിടത്തിന്റെ സിസിടിവിയിലാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ആളൊഴിഞ്ഞ വഴിയിലൂടെ നടന്നുവന്നിരുന്ന പെണ്‍കുട്ടികളില്‍ ഒരാളെ പിന്നാലെ എത്തിയ പ്രതി പുറകില്‍നിന്ന് കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ അക്രമിയെ ചെറുക്കാന്‍ ശ്രമിക്കുന്നതും നിമിഷങ്ങള്‍ക്കകം ഇയാള്‍ വന്നവഴിയേ ഓടിമറയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ വൈറലായെങ്കിലും ആരും പരാതിയുമായി എത്താതിരുന്നതോടെയാണ് ബെംഗളൂരു പോലീസ് സ്വമേധയാ കേസില്‍ അന്വേഷണം ആരംഭിച്ചത്. സംഭവം നടന്ന് 10 ദിവസങ്ങൾ പിന്നിടുമ്പോഴാണ് പ്രതി പോലീസിന്റെ വലയിലാകുന്നത്.
പോലീസ് പ്രതിക്കായി അന്വേഷണം ശക്തമാക്കിയതോടെ സന്തോഷ് തമിഴ്‌നാട്ടിലെ ഹൊസൂരിലേക്ക് പോയി. അവിടെനിന്നാണ് കോഴിക്കോട്ടേക്ക് കടന്നത്. ഹൊസൂരിൽ ഒരു സുഹൃത്തിനൊപ്പം താമസിച്ച ശേഷമാണ് പ്രതി കോഴിക്കോട്ടേക്ക് കടന്നത്. മൂന്ന് സംസ്ഥാനങ്ങളിലായി ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് പോലീസ് സന്തോഷിനെ കോഴിക്കോട്ട് നിന്നും കസ്റ്റഡിയിലെടുത്തത്. സംഭവസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കയ്യേറ്റത്തിനിരയായ പെണ്‍കുട്ടി പോലീസുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഇത്തരം ഒരു കേസിലേക്ക് വലിച്ചിഴയ്ക്കപ്പെടാന്‍ താല്‍പര്യമില്ലാത്തതിനാലാണ് കേസ് നല്‍കാതിരുന്നത് എന്ന് അറിയിച്ചതായും ബെംഗളൂരു പോലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട്, 'ബെംഗളൂരു പോലെ വലിയ നഗരങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് സാധാരണയാണ്' എന്ന കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പരാമർശം വിവാദമായതിനെ തുടർന്ന് മന്ത്രി ക്ഷമാപണം നടത്തി, തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും സ്ത്രീ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.