രാത്രി പാഴ്സൽ കൈമാറാനെത്തിയ ഡെലിവറി ഏജന്റ്; പണം വാങ്ങി ബാക്കി നൽകിയതും മോശം പെരുമാറ്റം; പെൺകുട്ടിയുടെ മാറിടത്തിൽ കടന്നുപിടിച്ച് യുവാവ്; വീഡിയോ സഹിതം പുറത്തുവിട്ട് പരാതി നൽകി യുവതി
മുംബൈ: ബ്ലിങ്കിറ്റ് ഡെലിവറി ബോയ് മോശമായി സ്പർശിച്ചുവെന്ന് ആരോപിച്ച് യുവതി രംഗത്ത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം യുവതി ബ്ലിങ്കിറ്റിനും മുംബൈ പൊലീസിനും പരാതി നൽകി. എക്സ് (X) ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യുവതിയുടെ പരാതി അനുസരിച്ച്, ഡെലിവറി ഏജന്റ് പാഴ്സൽ കൈമാറുകയും പണം വാങ്ങുകയും ചെയ്ത ശേഷം, ബാക്കി തുക തിരികെ നൽകുന്നതിനിടെയാണ് യുവതിയുടെ മാറിടത്തിൽ സ്പർശിച്ചത്. ബ്ലിങ്കിറ്റിന്റെ മഞ്ഞ യൂണിഫോം ധരിച്ച ഒരാളാണ് വീഡിയോയിലുള്ളത്.
തുടക്കത്തിൽ തൻ്റെ പരാതി ബ്ലിങ്കിറ്റ് അധികൃതർ തള്ളിക്കളഞ്ഞതായും, തെളിവുകൾ നൽകിയതിന് ശേഷം മാത്രമാണ് ഡെലിവറി ഏജന്റിനെതിരെ നടപടിയെടുത്തതെന്നും യുവതി ആരോപിക്കുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ബ്ലിങ്കിറ്റ് എക്സിൽ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
മുംബൈ പോലീസ് യുവതിയുടെ ട്വീറ്റിന് മറുപടിയായി, "ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്, ദയവായി നിങ്ങളുടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ ഞങ്ങൾക്ക് ഡിഎമ്മിൽ പങ്കിടുക" എന്ന് അറിയിച്ചിട്ടുണ്ട്.
ഈ സംഭവത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. പലരും ഡെലിവറി ഏജന്റിനെതിരെ ശക്തമായ നടപടി ആവശ്യപ്പെടുമ്പോൾ, ചിലർ ഇത് ആകസ്മികമായി സംഭവിച്ചതാകാം എന്നും അഭിപ്രായപ്പെടുന്നുണ്ട്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.