കാമുകനായ അമ്മാവനെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തു; മറ്റൊരു യുവാവുമായി വിവാഹം; 45ാം ദിനത്തില്‍ ഭര്‍ത്താവിനെ വെടിവച്ച് കൊലപ്പെടുത്തി; വാടക കൊലയാളികളെ പിടികൂടിയതോടെ 25കാരി കുടുങ്ങി; തെളിവായി കോള്‍ റെക്കോര്‍ഡ്; അന്വേഷണം തുടരുന്നു
അമ്മാവനെ വിവാഹം കഴിക്കാനായി ഭര്‍ത്താവിനെ കൊലപ്പെടുത്തി നവവധു
പട്‌ന: രാജ്യത്തെ നടുക്കിയ മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തിന് സമാനമായ കൊലപാതകള്‍ തുടര്‍ക്കഥയാകുന്നു. ബിഹാറിലെ ഔറംഗാബാദ് ജില്ലയില്‍ കാമുകനായ അമ്മാവനെ വിവാഹം കഴിക്കാനായി ഭര്‍ത്താവിനെ വിവാഹം കഴിഞ്ഞ് 45ാം നാള്‍ വാടക കൊലയാളികളെ ഉപയോഗിച്ചാണ് നവവധു കൊലപ്പെടുത്തിയത്. 25 കാരിയായ ഗുഞ്ച ദേവിയെന്ന യുവതിയാണ് അമ്മാവനെ വിവാഹം ചെയ്യാനായി ഭര്‍ത്താവ് പ്രിയാന്‍ഷുവിനെ കൊലപ്പെടുത്തിയത്. ഗുഞ്ച ദേവി, സ്വന്തം അമ്മാവനായ ജീവന്‍ സിങ്ങുമായി പ്രണയത്തിലായിരുന്നു. ഇയാളുമായി ഗൂഡാലോചന നടത്തിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. രണ്ട് വാടക കൊലയാളികളെ ഉപയോഗിച്ച് വെടിവെച്ചാണ് പ്രിയാന്‍ഷുവിനെ കൊലപ്പെടുത്തിയത്. ഗുഞ്ച ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജീവന്‍ സിംഗിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വാടക കൊലയാളികളായ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദേവിയും സിംഗും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അവരുടെ കുടുംബങ്ങള്‍ ബന്ധത്തിനെതാരിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഈ ബന്ധം നിലനില്‍ക്കയാണ് രണ്ട് മാസം മുമ്പ് ദേവിയുടെ വീട്ടുകാര്‍ അവളെ ബര്‍വാന്‍ ഗ്രാമത്തിലെ താമസക്കാരനായ പ്രിയാന്‍ഷുവിന് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു കൊടുത്തത്. ജൂണ്‍ 25 ന്, പ്രിയാന്‍ഷു തന്റെ സഹോദരിയെ സന്ദര്‍ശിച്ച ശേഷം ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നവി നഗര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍, ദേവിയോട് തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ ആരെയെങ്കിലും ബൈക്കില്‍ അയയ്ക്കാന്‍ പറഞ്ഞു,'' പോലീസ് സൂപ്രണ്ട് (എസ്പി) അമ്രീഷ് രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് 'സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍, രണ്ട് പേര്‍ അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് അന്വേഷണവും പ്രതിക്കുവേണ്ടിയുള്ള തിരച്ചിലും ആരംഭിച്ചപ്പോള്‍, ദേവി ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു, ഇത് പ്രിയാന്‍ഷുവിന്റെ കുടുംബാംഗങ്ങളില്‍ സംശയം ജനിപ്പിച്ചു. യുവതിയുടെ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് അവള്‍ അമ്മാവനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. അമ്മാവന്റെ കോള്‍ രേഖകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ക്ക് വെടിവച്ചവരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
'കൊലപാതകം അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. പ്രിയാന്‍ഷുവിന്റെയും ദേവിയുടെയും വിവാഹം കഴിഞ്ഞ് 45 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊലപാതകം നടന്നത്. ദേവി ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിംഗിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്,' എസ്പി പറഞ്ഞു. അതേസമയം ജീവന്‍ സിങ്ങിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.