എന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടോ..? കുവൈറ്റില്‍ ഒന്നര വര്‍ഷമായി വീട്ടുജോലി ചെയ്ത യുവതിയെ കാണാനില്ലെന്ന് പരാതിയുമായി മകന്‍; മലപ്പുറം സദേശി ഹസീനയെ കാണാതായിട്ട് 15 ദിവസം; ഇന്ത്യന്‍ എംബസിയ്ക്ക് പരാതി അയച്ചിട്ടും മറുപടിയില്ല; ഏജന്റും കൈയൊഴിഞ്ഞതോടെ നിസഹായവസ്ഥയില്‍ കുടുംബം

എന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടോ..?

Update: 2025-05-05 02:38 GMT

മലപ്പുറം: കുവൈറ്റില്‍ ഹൗസമേയ്ഡ് വിസയില്‍ ജോലിയില്‍ പ്രവേശിച്ച യുവതിയെ കാണാതായിട്ട് 15 ദിവസം. അമ്മയെ കണ്ടെത്തി നല്‍കണമെന്ന് പരാതിയുമായി മകന്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. മലപ്പുറം സ്വദേശി ഹസീന (45) യെ കാണാനില്ലെന്നാണ് മകന്റെ പരാതി. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയ്ക്ക് പരാതി നല്‍കിയിട്ടും യാതൊന്നും അറിയാന്‍ കഴിഞ്ഞില്ലെന്ന് ദുബായില്‍ ജോലി ചെയ്യുന്ന മകന്‍ മുഹമ്മദ് റിഷാദ് പറയുന്നു. മകന്റെ പരാതിയില്‍ പറയുന്നത് ഇങ്ങനെ:

തന്റെ മാതാവ് ഹസീന ഒന്നര വര്‍ഷമായി കുവൈറ്റില്‍ ഒരു അറബിയുടെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. എപ്രില്‍ 21 വൈകിട്ട് മുതല്‍ എന്റെ അമ്മയെ പറ്റി യാതൊരു വിവരവും ലഭിക്കുന്നില്ല. 21 ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഓണ്‍ലൈനില്‍ വാട്സാപ്പില്‍ അവസാനമായി കണ്ടത്. പിന്നീട് വാട്സാപ്പില്‍ മെസ്സേജ് അയച്ചിട്ടും വിളിച്ചിട്ടും ബന്ധപ്പെടാന്‍ കഴിയുന്നില്ല. സ്പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ അവിശ്വസനീയമായ വിവരങ്ങളാണ് നല്‍കുന്നത്. മാതാവിനെ പോലീസിന് കൈമാറിയതായി ഒരു തവണ പറഞ്ഞു.

പിന്നീട് ഹസീനയെ ഖത്തര്‍ വിമാനത്താവളത്തിലേയ്ക്ക് അയച്ചതായും മെയ് ഒന്നിന് ഇന്ത്യയില്‍ എത്തുമെന്നും അയാള്‍ പറഞ്ഞിരുന്നു. അതിന് ശേഷം സ്പോണ്‍സറുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ജോലിയ്ക്ക് നിന്ന വീട്ടിലെ ഹൗസ് ഡ്രൈവര്‍ പറയുന്നത് അമ്മയെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നാണ്. ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് മാതാവിന്റെ സുരക്ഷ ഉറപ്പാക്കണമെന്നാണ് റിഷാദ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ ഇത്രയും ദിവസമായിട്ടും ഹസീനയെപ്പറ്റി യാതൊരു വിവരവും ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല. അവര്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചതായും ബന്ധുക്കള്‍ സംശയിക്കുന്നു. മകന്‍ കുവൈറ്റിലുള്ളവര്‍ മുഖേന സ്പോണ്‍സറുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ നടത്തിയ അന്വേഷണത്തിലും സ്പോണ്‍സര്‍ കൃത്യമായ മറുപടി നല്‍കുന്നില്ല. ഇവരെ ജോലിയില്‍ പ്രവേശിപ്പിച്ച ഏജന്റ് അബ്ദുള്‍ ഖാദര്‍ ആണ്. ഇയാളും ഹസീനയുടെ മകന്റെ ചോദ്യത്തിനോ സംഘടന പ്രവര്‍ത്തകര്‍ക്കോ കൃത്യമായ മറുപടി നല്‍കുന്നില്ല.

ഒരു മാസം മുന്‍പ് ഹസീന നാട്ടില്‍ പോയതായും ഇപ്പോള്‍ തനിക്ക് വിവരങ്ങള്‍ ഒന്നും അറിയില്ലായെന്നാണ് ഇയാള്‍ പറയുന്നു. പോലീസ് കേസില്‍പ്പെട്ടിട്ടുണ്ടെങ്കിലോ വിസ സംബന്ധമായി നിയമ കുരുക്കില്‍പ്പെട്ടിട്ടുണ്ടെങ്കിലോ ഈ വിവരം സ്പോണ്‍സറോ ഏജന്റോ ബന്ധുക്കളെ ധരിപ്പിക്കേണ്ടതാണ്. കുവൈറ്റില്‍ പ്രവാസികള്‍ക്കുള്ള നിയമം കര്‍ശനമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും സ്ത്രീകളെ കുവൈറ്റിലെത്തിച്ച് വീട്ടുജോലിയ്ക്കായി വില്‍പ്പന നടത്തുന്ന സംഘത്തെപ്പറ്റിയും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തില്‍ കള്‍ശന നിയന്ത്രണമാണ് കുവൈറ്റ് സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഇത്തരത്തില്‍ മലയാളികളായ നിരവധി ഏജന്റുമാര്‍ വ്യാജ വിസ നല്‍കിയും പണം തട്ടിയും മലയാളികളെ കബളിപ്പിക്കുന്നു. ബന്ധുക്കള്‍ ഏജന്റുമായി ബന്ധപ്പെട്ട് വിവരം അന്വേഷിക്കുമ്പോള്‍ അവരോട് മോശമായ ഭാഷയില്‍ സംസാരിക്കുന്നു. കൂടാതെ സാധാരണക്കാരായ വീട്ടമ്മമാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതിയുണ്ട്. ഇത്തരം തട്ടിപ്പുകാരെ ഇന്ത്യന്‍ എംബസി കണ്ടെത്തണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.

ഹസീനയുടെ കാര്യത്തില്‍ വിവരങ്ങള്‍ അന്വേഷിച്ച് ബന്ധുക്കളെ ധരിപ്പിക്കുന്നതിന് പകരം വിവരങ്ങള്‍ മറച്ചു വയ്ക്കുകയാണ് മലയാളിയായ ഏജന്റ് ചെയ്യുന്നത്. ഇതില്‍ ദുരൂഹതയുള്ളതായി മകന്‍ ആരോപിക്കുന്നു. ഈ ഏജന്റിന്റെ അറിവോടെ എന്തെങ്കിലും സംഭവിച്ചതായാണ് ഹസീനയുടെ മകന്‍ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ അടിയന്തിരമായ ഇടപെടല്‍ ആവശ്യമാണ്. എന്നാല്‍ അവര്‍ ഇതുവരെയും യാതൊരു മറുപടിയും നല്‍കാത്തതോടെ ബന്ധുക്കളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതോടെ മകനും ബന്ധുക്കളും കടുത്ത മാനസിക വിഷമത്തിലാണ്. ഉമ്മയെ കണ്ടെത്തി നല്‍കാന്‍ സന്നദ്ധ സംഘടനകളുടെ ഇടപെടല്‍ അഭ്യര്‍ത്ഥിക്കുകയാണ് മകന്‍.

Tags:    

Similar News