ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യാസിര്‍ എത്തിയത് മെഡിക്കല്‍ കോളേജിലേക്ക്; കണ്ടയുടന്‍ പ്രതിയെ തിരിച്ചറിഞ്ഞ് ജനങ്ങളും; കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളേജ് പോലിസ്: ഈങ്ങാപ്പുഴയിലെ കുടുംബം തകര്‍ത്തതും ലഹരി
ഭാര്യയെ വെട്ടിക്കൊന്ന ശേഷം കടന്ന പ്രതി യാസിര്‍ പിടിയില്‍
കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ മെഡിക്കല്‍ കോളേജില്‍ നിന്നും കസ്റ്റഡിയിലെടുത്ത് പോലിസ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിങ് ഏരിയയില്‍നിന്നാണ് പ്രതി യാസിറിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിനുശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട കാറില്‍ത്തന്നെയാണ് യാസിര്‍ മെഡിക്കല്‍ കോളേജിലെത്തിയത്. അപ്പോഴേയ്ക്കും പോലീസ് ഇയാളുടെ ചിത്രവും കാറിന്റെ നമ്പരും അടക്കം പ്രചരിപ്പിച്ചിരുന്നു. ഇയാള്‍ക്കുവേണ്ടി പോലീസ് വ്യാപകതിരച്ചില്‍ നടത്തവെയാണ് ഈയാള്‍ കാറില്‍ ആശുപത്രി പരിസരത്ത് എത്തിയത്.
എന്നാല്‍ ആശുപത്രിയിലെത്തിയ ഇയാളെ നാട്ടുകാര്‍ തിരിച്ചറിയുക ആയിരുന്നു. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയും മെഡിക്കല്‍ കോളേജ് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പ്രതി യാസിര്‍ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം അഴിച്ചു വിട്ടത്. ഭാര്യ ഷിബില, മാതാപിതാക്കളായ അബ്ദുറഹ്‌മാന്‍, ഹസീന എന്നിവരെയാണ് ആക്രമിച്ചത്. കഴുത്തിന് ആഴത്തില്‍ വെട്ടേറ്റ യാസിറിന്റെ ഭാര്യ ഷിബില ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ മരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അബ്ദുറഹ്‌മാന്റെ ആരോഗ്യനില ഗുരുതരമാണ്.
ഇയാള്‍ ലഹരിക്കടിമയായിരുന്നുവെന്നാണ് വിവരം. ലഹരി അകത്തു ചെന്നാല്‍ യാസിര്‍ ഷിബിലയെ ക്രൂരമായി മര്‍ദിക്കുമായിരുന്നു. കൊല്ലപ്പെട്ട ഷിബില ദിവസങ്ങള്‍ക്ക് മുമ്പ് യാസിറിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നതായാണ് വിവരം. പ്രതി യാസിര്‍ ലഹരി ഉപയോഗിച്ച് നിരന്തരം ആക്രമിക്കാറുണ്ട് എന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ കാര്യമായ നടപടിയൊന്നും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് ആരോപണം.
ലഹരി ഉപയോഗിച്ച ശേഷം യാസിര്‍ അതിക്രൂരമായി ഷിബിലയെ ആക്രമിക്കുമായിരുന്നു. നിരന്തരമുള്ള മര്‍ദനം സഹിക്കവയ്യാതെയാണ് ഷിബില ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടിലെത്തിയത്. തന്റെയും മകളുടെയും വസ്ത്രം ഭര്‍തൃവീട്ടില്‍നിന്ന് തിരിച്ചെടുക്കാന്‍ അനുവദിക്കണമെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഷിബില പരാതി നല്‍കിയിരുന്നത്. എന്നാല്‍ പോലീസ് യാസിറിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 2020-ലാണ് യാസിറിന്റെയും ഷിബിലയുടെയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നുവെന്നാണ് വിവരം.