ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; തമിഴ്‌നാട്ടില്‍ സ്വകാര്യ സ്‌കൂളിലെ യുവ അധ്യാപിക അറസ്റ്റില്‍
ലൈംഗികാതിക്രമം; തമിഴ്‌നാട്ടില്‍ സ്വകാര്യ സ്‌കൂളിലെ യുവ അധ്യാപിക അറസ്റ്റില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവ അധ്യാപിക അറസ്റ്റിലായി. അതിക്രമത്തിനിരയായ വിദ്യാര്‍ത്ഥിനിയുടെയും കുടുംബത്തിന്റെയും പരാതിയിലാണ് യുവ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടതി റിമാന്‍ഡും ചെയ്തിട്ടുണ്ട്.
പ്രമുഖ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സാമൂഹ്യപാഠം അധ്യാപികയായ 32 കാരിയാണ് കേസിലെ പ്രതി. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. അധ്യാപിക ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയും ചെയ്‌തെന്നാണ് പരാതി.
വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി അമ്മയെ വിവരം അറിയിക്കുകയായിരുന്നു. മുമ്പും അധ്യാപികയില്‍ നിന്ന് സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. അമ്മയുടെ പരാതിയില്‍ കേസെടുത്ത അണ്ണൂര്‍ പൊലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോയമ്പത്തൂര്‍ ഉദയംപാളയം സ്വദേശിയായ ഇവര്‍ അവിവാഹിതയാണ്. ആറ് മാസം മുമ്പാണ് സ്‌കൂളിലെത്തിയത്. അധ്യാപിക അറസ്റ്റിലായതോടെ സ്‌കൂളിലെ മറ്റ് കുട്ടികളെയും കൗണ്‍സലിംഗ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.