ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായി; ആഭരണങ്ങള്‍ തട്ടിയെടുത്തു; വീട്ടുചെലവ് നല്‍കുന്നില്ലെന്നും ഭാര്യയുടെ പരാതി; ഭര്‍ത്താവിന്റെ രണ്ടാം വിവാഹം തടഞ്ഞ് കോടതി
ഭര്‍ത്താവിന്റെ രണ്ടാം വിവാഹം തടഞ്ഞ് കോടതി
മലപ്പുറം: ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുന്ന ഭര്‍ത്താവിന്റെ രണ്ടാം വിവാഹം പൊന്നാനി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. മാറഞ്ചേരി നാലകത്ത് കാവുങ്ങലയില്‍ ലുബ്ന അശ്റഫ് ഗാര്‍ഹിക പീഡനത്തില്‍ നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നല്കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
ലുബ്നയും നന്നമുക്ക് ഒരുപ്പാക്കില്‍ ഇഷാഖും തമ്മില്‍ 05.07.2017 നാണ് വിവാഹിതയായത്. ഭര്‍തൃ വീട്ടില്‍ ഗാര്‍ഹിക പീഡനത്തിന് വിധേയമായി എന്നും ആഭരണങ്ങളും സ്വര്‍ണ്ണ നാണയങ്ങളും സംഖ്യയും ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും എടുത്തുവെന്നും ജീവിത ചിലവ് നല്‍കുന്നില്ലെന്നും ഇപ്പോള്‍ ഗള്‍ഫിലുള്ള ഇഷാഖ് നാട്ടില്‍ വന്ന് മറ്റൊരു വിവാഹം കഴിക്കാന്‍ തയ്യാറെടുപ്പ് നടത്തുന്നുണ്ടെന്നും പറഞ്ഞാണ് ലുബ്ന പൊന്നാനി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
വ്യക്തി നിയമം രണ്ടാം വിവാഹം അനുവദിക്കുണ്ടെങ്കിലും വ്യക്തി നിയമത്തിലെ നിബന്ധനകള്‍ പാലിക്കാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിക്കുന്നത് ഹരജിക്കാരിയോടുള്ള ക്രൂരതയാണന്നും കോടതി നിരീക്ഷിച്ചു. എതിര്‍ കക്ഷി രണ്ടാം വിവാഹം കഴിക്കാനുള്ള സാധ്യത തള്ളി കളയാന്‍ കഴിയില്ലെന്ന് കണ്ടാണ് മറിച്ചൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വേറെ വിവാഹം കഴിക്കരുതെന്ന് കക്ഷിയെ വിലക്കി കൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. ഹര്‍ജിക്കാരിക്ക് വേണ്ടി അഡ്വ. പി.എന്‍.സുജീര്‍ ഹാജരായി