സ്വിറ്റ്‌സര്‍ലന്‍ഡില്‍, ബസ്സിനുള്ളില്‍ സ്വയം തീകൊളുത്തി യാത്രക്കാരന്‍; ആറ് പേര്‍ മരണമടഞ്ഞു; തീവ്രവാദി ആക്രമണമാണോ എന്ന് വ്യക്തമാക്കാതെ പോലീസ്

സ്വിറ്റ്‌സര്‍ലന്‍ഡില്‍, ബസ്സിനുള്ളില്‍ സ്വയം തീകൊളുത്തി യാത്രക്കാരന്‍; ആറ് പേര്‍ മരണമടഞ്ഞു

Update: 2026-03-11 04:27 GMT

ബേണ്‍: ബസ്സിനകത്ത് കയറി സ്വയം ദേഹത്ത് പെട്രോള്‍ ഒഴിച്ച് ഒരാള്‍ തീകൊളുത്തിയ സംഭവത്തില്‍ ചുരുങ്ങിയത് ആറ് പേരെങ്കിലും മരണമടഞ്ഞു. പടിഞ്ഞാറന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ കെര്‍സെര്‍സ് പട്ടണത്തില്‍ ചൊവ്വാഴ്ച്ച വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. ഇയാള്‍ ബസ്സിനകത്ത് കയറിയ ഉടന്‍ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ ഉയര്‍ന്ന് പൊങ്ങുന്ന തീജ്ജ്വാലകള്‍ ബസ്സിനെ മൂടുന്നത് കാണാം. പോസ്റ്റല്‍ സര്‍വ്വീസിന്റെ ബസ്സിനാണ് തീപിടുത്തം ഉണ്ടായത്.

മറ്റൊരു വീഡിയോ ദൃശ്യത്തില്‍ ഒരാള്‍ എന്താണ് സംഭവിച്ചതെന്ന് ചോദിക്കുന്നതും ബസ്സിനകത്ത് കയറിയ ആള്‍ സ്വയം തീകൊളുത്തുകയായിരുന്നു എന്ന് അല്‍ബേനിയന്‍ ഭാഷയില്‍ ഒരാള്‍ പറയുന്നതും കേള്‍ക്കാം. മനപ്പൂര്‍വ്വമുണ്ടാക്കിയ അഗ്‌നിബാധയായിട്ടാണ് ഇതിനെ കണക്കിലെടുക്കുന്നതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ഇതിന് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ പോലീസ് വ്യക്തിമായ പ്രതികരണം നല്‍കിയിട്ടില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ഇപ്പോള്‍ അതിനെ കുറിച്ച് പ്രതികരിക്കാനാവില്ലെന്നാണ് പോലീസ് വക്താവ് പറഞ്ഞത്.

സ്വിസ്സ് നാഷണല്‍ പോസ്റ്റല്‍ സര്‍വീസിന്റെ ഉടമസ്ഥതയിലുള്ള ബസ്സിനാണ് തീപിടിച്ചത്. ആറ് പേര്‍ മരണപ്പെട്ടതു കൂടാതെ മറ്റ് അഞ്ച് പേര്‍ക്ക് പൊള്ളലേറ്റിട്ടുമുണ്ട്. ഇവരില്‍ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മറ്റ് രണ്ട് പേര്‍ക്ക് സംഭവസ്ഥലത്തു വെച്ചു തന്നെ ചികിത്സ നല്‍കി പറഞ്ഞുവിടുകയായിരുന്നു.

Tags:    

Similar News