വീട്ടില്‍ ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തായ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസ്; 72 കാരന് ജീവപര്യന്തം തടവും പിഴയും
72 കാരന് ജീവപര്യന്തം തടവും പിഴയും
മലപ്പുറം: വീട്ടിലിരുന്ന് ഒരുമിച്ച് മദ്യപിച്ച ശേഷം മഹാരാഷ്ട്ര സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വയോധികന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ടത്താണി ആറ്റുപുറം താമസിക്കുന്ന കാലടി മറ്റൂര്‍ വില്യമംഗലത്ത് രാജന്‍ (72)നെയാണ് ജഡ്ജ് എ വി ടെല്ലസ് ശിക്ഷിച്ചത്.
മഹാരാഷ്ട്ര സാംഗ്ലി രേവന്‍ഗംഗമാല കാട്ഗാവ് ബോറോഗാവ് ജാതവ് വീട്ടില്‍ താനാജിയുടെ മകന്‍ മധുകര്‍ എന്ന സഞ്ജയ് (42) ആണ് കൊല്ലപ്പെട്ടത്. 2016 മാര്‍ച്ച് 28ന് രാവിലെ 8.45നാണ് കേസിന്നാസ്പദമായ സംഭവം. 30 വര്‍ഷമായി കുടുംബസമേതം രണ്ടത്താണിയില്‍ താമസിക്കുന്ന മധുകറും പ്രതി രാജനും സുഹൃത്തുക്കളും സ്വര്‍ണ്ണപ്പണിക്കാരുമാണ്.
ഇരുവരും പ്രതിയുടെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. അന്ന് പ്രതിയുടെ കൈവശമുണ്ടായിരുന്ന അഞ്ച് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണം കാണാതായി. ഇത് മധുകര്‍ മോഷ്ടിച്ചതാണെന്ന് പ്രതി ആരോപിച്ചിരുന്നു. ആരോപണം നിഷേധിച്ച മധുകര്‍ സ്വര്‍ണ്ണം തിരികെ നല്‍കാത്തതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കോട്ടക്കലില്‍ നിന്നും വാങ്ങിയ കത്തിയുമായി മധുകറിന്റെ പുത്തനത്താണി തിരൂര്‍ റോഡിലുള്ള കടയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി മധുകറിന്റെ കയ്യിനും വയറിനും കുത്തി കൊലപ്പെടുത്തുകയായിരുന്നു. കല്‍പ്പകഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന കെ ജി സുരേഷ്, കെ എം സുലൈമാന്‍, എസ് സി പി ഒമാരായ ഇഖ്ബാല്‍, ഷറഫുദ്ദീന്‍ എന്നിവരാണ് കേസന്വേഷിച്ചത്.
കൊലപാതകം നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം ജീവപര്യന്തം തടവ്, 90000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷത്തെ അധിക കഠിന തടവ്, 449 വകുപ്പ് പ്രകാരം അതിക്രമിച്ചു കയറിയതിന് ഏഴ് വര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തെ അധിക കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ പി ഷാജു 33 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 31 രേഖകളും 12 തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ എഎസ്ഐ പി ഷാജിമോള്‍, സിപിഒ അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.