ഗുണ്ടാ കുടിപ്പക: ശ്രീകാര്യത്ത് ഗുണ്ടാനേതാവ് വെട്ടുകത്തി ജോയിയുടെ കൊലപാതക കേസില്‍ 6 പ്രതികള്‍ക്കും ജാമ്യമില്ല; കേസ് വിചാരണയിലേക്ക്
വെട്ടുകത്തി ജോയിയുടെ കൊലപാതക കേസില്‍ 6 പ്രതികള്‍ക്കും ജാമ്യമില്ല
തിരുവനന്തപുരം: ഗുണ്ടാ കുടിപ്പകയില്‍ ശ്രീകാര്യത്ത് ഗുണ്ടാനേതാവ് വെട്ടുകത്തി ജോയിയെ കൊലപ്പെടുത്തിയ കേസ് വിചാരണയിലേക്ക്. കേസ് റെക്കോര്‍ഡുകള്‍ മജിസ്‌ട്രേട്ട് കോടതി ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറി. തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കാര്‍ത്തിക.എസ്. വര്‍മ്മയാണ് ജയിലില്‍ കഴിയുന്ന 6 പ്രതികള്‍ക്കും പോലീസ് കുറ്റപത്രപ്പകര്‍പ്പ് നല്‍കിയ ശേഷം കമ്മിറ്റല്‍ വാറണ്ട് പ്രകാരം കേസ് ജില്ലാ കോടതിക്ക് സമര്‍പ്പിച്ചത്.
കേസിലെ 6 പ്രതികള്‍ക്കും ജില്ലാ കോടതിയും ഹൈക്കോടതിയും ജാമ്യം നിരസിച്ചു. പ്രതികളെ കല്‍തുറുങ്കിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാന്‍ ഉത്തരവിട്ട കോടതി വിചാരണ തീരാതെ പ്രതികള്‍ പുറംലോകം കാണണ്ടെന്ന് നിരീക്ഷിച്ചു. ആഗസ്റ്റ് 11 മുതല്‍ പ്രതികള്‍ ജയിലറക്കുള്ളില്‍ കഴിയുകയാണ്. പ്രബലരായ ഗുണ്ടാ സംഘത്തെ ജാമ്യം നല്‍കി സ്വതന്ത്രരാക്കി വീണ്ടും സമൂഹത്തിലേക്ക് ഇറക്കിവിട്ടാല്‍
കൊടും കുറ്റവാളികളായ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ 'പല്ലിന് പല്ല് കണ്ണിന് കണ്ണ്' എന്ന രീതിയില്‍ കൊലക്ക് പകരം വീട്ടി വീണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്ത് ജനങ്ങളുടെ സൈ്വരജീവിതവും സമാധാന അന്തരീക്ഷവും തകര്‍ക്കുമെന്നും വിലയിരുത്തിയാണ് കോടതി ജാമ്യം നിരസിച്ചത്.
കുറ്റിയാണി സ്വദേശികളായ സജീര്‍ അന്‍ഷാദ്, അന്‍വര്‍ ഹുസൈന്‍, ഉണ്ണികൃഷ്ണന്‍ നായര്‍, വിനോദ്, നന്ദു ലാല്‍, രാകേഷ് എന്നിവരാണ് 1 മുതല്‍ 6 വരെ പ്രതികള്‍. അന്‍വറും ജോയിയും തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. 2024 ആഗസ്റ്റ് 9 വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറില്‍ എത്തിയ ഗുണ്ടാ സംഘം ശ്രീകാര്യം പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനില്‍ വച്ച് വെട്ടുകയായിരുന്നു.
വെട്ടേറ്റ് രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ് അര മണിക്കൂറിലധികം റോഡില്‍ രക്തത്തില്‍ കുളിച്ച് കിടന്ന ജോയിയെ ഒടുവില്‍ പൊലീസ് ജീപ്പിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിലെത്തിച്ചത്. ചികിത്സയിലിരിക്കവെ 10 ന് രാവിലെ ജോയി മരിച്ചു. കൊലക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ജോയ്. കാപ്പ കേസില്‍ ജയില്‍വാസം കഴിഞ്ഞ് സംഭവത്തിന് രണ്ട് ദിവസം മുന്‍പാണ് ജോയ് പുറത്തിറങ്ങിയത്.
എന്തെങ്കിലും തര്‍ക്കമോ പ്രകോപനമോ ഉണ്ടായാല്‍ വെട്ടുകത്തിയുമായി ആക്രമണത്തിന് ചാടി ഇറങ്ങുന്ന പ്രകൃതമായതിനാലാണ് വെട്ടുകത്തി ജോയി എന്ന വിളിപ്പേര് വീണത്. വട്ടപ്പാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2006 ല്‍ ഒരു കൊലപാതക കേസിലും 2007,2008 വര്‍ഷങ്ങളില്‍ വധശ്രമ കേസുകളിലും പ്രതിയായിരുന്നു.
സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്നു കൊലപാതക കേസില്‍ ജോയിയെ കോടതി വെറുതെവിട്ടു. 2010 നു ശേഷം 9 കേസുകളാണ് നിലവിലുണ്ടായിരുന്നത്. ഇതില്‍ 7 എണ്ണം വട്ടപ്പാറയിലും രണ്ടെണ്ണം പോത്തന്‍കോട്ടും. 6 മാസം കാപ്പ ചുമത്തി നാടുകടത്തി. വീണ്ടും കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ പൊലീസ് ഒരുങ്ങുമ്പോഴാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിനു കാരണം മണല്‍കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കവും തുടര്‍ന്നുള്ള വിരോധവുമെന്നാണ് എഫ്. ഐ. ആര്‍. ജോയിയുടെ മൂത്ത സഹോദരന്‍ ജോസ് ഇതു സംബന്ധിച്ചു നല്‍കിയ മൊഴി പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പൊലീസ് ജീപ്പില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ജോയി ആക്രമിച്ചവരെ കുറിച്ചു മൊഴി നല്‍കുകയും ചെയ്തിരുന്നു. ഒന്നാം പ്രതി അന്‍വര്‍, രണ്ടാം പ്രതി ഷജീര്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന മൂന്നും നാലും പ്രതികള്‍ ചേര്‍ന്നാണ് കാറിലെത്തി ആക്രമണം നടത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്