എ രാജയ്ക്ക് ആശ്വാസം, എംഎല്‍എയായി തുടരാം; ദേവികുളം തിരഞ്ഞെടുപ്പ് ശരിവെച്ച് സുപ്രീംകോടതി; രാജ പരിവര്‍ത്തിത ക്രിസ്ത്യാനിയാണെന്നും പട്ടികജാതി സംവരണം അവകാശപ്പെടാനാകില്ലെന്നുമുള്ള ഹൈക്കോടതി വിധി റദ്ദാക്കി; സംവരണത്തിന് അര്‍ഹതയുണ്ടെന്ന് കോടതി
എ രാജയ്ക്ക് ആശ്വാസം, എംഎല്‍എയായി തുടരാം
ന്യൂഡല്‍ഹി: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മണ്ഡലത്തിലെ എംഎല്‍എയും സിപിഎം നേതാവുമായ എ രാജ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ഇതോടെ എ രാജയ്ക്ക് എംഎല്‍എയായി തുടരാം. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഹ്‌സാനുദ്ദിന്‍ അമാനുള്ള, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ട് വിധി പറഞ്ഞത്. യുഡിഎഫിലെ ഡി കുമാറാണ് എതിര്‍കക്ഷി.
രാജ പരിവര്‍ത്തിത ക്രിസ്ത്യാനിയാണെന്നും പട്ടികജാതി സംവരണം അവകാശപ്പെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ദേവികുളത്തെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. രാജയുടെ ജാതി സര്‍ട്ടിഫിക്കറ്റിന്റെ നിയമസാധുത അടക്കം വിഷയങ്ങളില്‍ സുപ്രീംകോടതി വിശദമായ വാദം കേട്ടിരുന്നു. രാജയ്ക്ക് ഉപാധികളോടെ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അനുമതി നല്‍കി സുപ്രീംകോടതി 2023 ഏപ്രിലില്‍ ഇടക്കാല ഉത്തരവിറക്കിയിരുന്നു.
ദേവികുളത്ത് എംഎല്‍എയായിരുന്ന എസ്.രാജേന്ദ്രനെ മാറ്റിയാണ് കഴിഞ്ഞതവണ എ.രാജയ്ക്ക് അവസരം നല്‍കിയത്. ഇതോടെ സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ ആരോപണവുമായി രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. 7848 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ ഡി.കുമാറിനെ എ.രാജ പരാജയപ്പെടുത്തിയത്. 2016 ല്‍ 5782 വോട്ടുകള്‍ക്കാണ് എസ്.രാജേന്ദ്രന്‍ കോണ്‍ഗ്രസിലെ എ.കെ.മണിയെ പരാജയപ്പെടുത്തിയത്. 2006 മുതല്‍ ദേവികുളത്തെ പ്രതിനിധീകരിച്ചത് എസ്.രാജേന്ദ്രനാണ്.
പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിക്കാന്‍ രാജ തെറ്റായ ജാതിരേഖകളാണ് സമര്‍പ്പിച്ചതെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡി.കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. രാജയുടെ മാതാപിതാക്കളായ അന്തോണിയും എസ്തറും ക്രിസ്തുമത വിശ്വാസികളാണെന്നും അതേ വിശ്വാസത്തില്‍ത്തന്നെയാണ് രാജയും തുടരുന്നതെന്നും ഹര്‍ജിയില്‍ കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ക്രിസ്തുമത വിശ്വാസി തന്നെയായ ഷൈനിപ്രിയയെ രാജ വിവാഹം ചെയ്തത് ക്രിസ്തുമത ആചാരപ്രകാരണമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് രാജ വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജ യോഗ്യനല്ലെന്നു പറഞ്ഞ ഹൈക്കോടതി, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഡി. കുമാറിന്റെ ആവശ്യം അംഗീകരിച്ചിരുന്നില്ല.