കുറ്റാരോപിതരുടെ വ്യക്തിഗത ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണും അടക്കം ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്ത് വിവരങ്ങള്‍ ശേഖരിക്കരുത്; സ്വകാര്യത മൗലികാവകാശമെന്ന വാദം ഉന്നയിച്ച് സുപ്രീം കോടതി ഇഡിക്ക് സുപ്രധാന നിര്‍ദ്ദേശം നല്‍കിയത് സാന്റിയാഗോ മാര്‍ട്ടിന്റെ കേസില്‍; പല കേസുകളിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന വിധി ഇങ്ങനെ
കുറ്റാരോപിതരുടെ വ്യക്തിഗത ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്ത് വിവരങ്ങള്‍ ശേഖരിക്കരുത്
ന്യൂഡല്‍ഹി: കുറ്റാരോപിതരില്‍ നിന്ന് വ്യക്തിഗത ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്ത് വിവരങ്ങള്‍ ശേഖരിക്കുന്നതിന് സുപ്രിം കോടതിയുടെ വിലക്ക്. ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണും അടക്കമുള്ള ഉപകരണങ്ങള്‍ പരിശോധിച്ച് ഉള്ളടക്കങ്ങള്‍ പരിശോധിക്കുകയോ പകര്‍ത്തുകയോ ചെയ്യരുതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) സുപ്രീംകോടതി നിര്‍ദേശം നല്‍കി. ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ കേസിലാണ് സുപ്രിം കോടതി കോടതിയുടെ സുപ്രധാന ഉത്തരവ്.
നവംബറില്‍ സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ ഇ ഡി പരിശോധന നടത്തുകയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിലെ വിവരങ്ങള്‍ പകര്‍ത്തുന്നതിനെതിരെ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കോടതിയെ സമീപിച്ചത്.
സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും വിവരങ്ങള്‍ എടുക്കരുതെന്നാണ് നിര്‍ദ്ദേശം. മാര്‍ട്ടിന്റെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ലാപ്‌ടോപില്‍ നിന്ന് വിവരം ചോര്‍ത്തരുതെന്നും പകര്‍ത്തരുതെന്നും സുപ്രീംകോടതി നല്‍കിയ നിര്‍ദ്ദേശത്തിലുണ്ട്. സ്വകാര്യത മൗലിക അവകാശമെന്ന വാദം ഉന്നയിച്ചാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കോടതിയുടെ പരിഗണനയിലുളള പല കേസുകളിലും ഈ ഉത്തരവ് പ്രത്യാഘാതത്തിന് ഇടയാക്കാമെന്നാണ് വിലയിരുത്തല്‍.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലും ഓഫീസുകളിലും കഴിഞ്ഞ ദിവസം ഇഡി നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 12.41 കോടി കണ്ടെടുത്തിരുന്നു. ഡിജിറ്റല്‍ ഉപകരണങ്ങളും നിര്‍ണായക രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. മുംബൈ, ദുബായ്, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കണക്കില്‍പ്പെടാത്ത പണത്തിന്റെ വന്‍ നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ കണ്ടെത്തിയെന്നായിരുന്നു ഇഡിയുടെ അവകാശവാദം. റെയ്ഡിനെ തുടര്‍ന്ന് സാന്റിയാഗോ മാര്‍ട്ടിന്റെ 6.42 കോടിയുടെ സ്ഥിര നിക്ഷേപവും മരവിപ്പിച്ചു. ഈ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്
തങ്ങളുടെ ഭരണഘടനാപരവും മൗലികവുമായ അവകാശങ്ങളും, സ്വകാര്യതയും സംരക്ഷിക്കണമെന്ന് മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇഡി പരിശോധനക്കിടെ പിടിച്ചെടുത്ത 12 തരം ഇലക്ട്രോണിക് ഉപകരണങ്ങളുടെ പട്ടികയും ഹര്‍ജിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ന്യൂസ് ക്ലിക്ക്, ആമസോണ്‍ ഇന്ത്യ കേസുകള്‍ അടക്കം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
പിഎംഎല്‍എ (പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) പ്രകാരം ഇഡി പുറപ്പെടുവിച്ച സമന്‍സുകളും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അതാത് ഡിജിറ്റല്‍ ഡിവൈസുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഉടമസ്ഥനായ വ്യക്തിയുടെ സാന്നിധ്യം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. 'ഡിജിറ്റല്‍ ഉപകരണങ്ങളില്‍ സംഭരിച്ചിരിക്കുന്ന വിവരങ്ങള്‍ വ്യക്തിപരവും വ്യക്തിയുടെ ജീവിതത്തെ ക്കുറിച്ച് ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതുമാണ്,' കോടതി നിരീക്ഷിച്ചു.