വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആധാര്‍ ഇനി അംഗീകൃത തിരിച്ചറിയല്‍ രേഖ; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച 11 തിരിച്ചറിയല്‍ രേഖകള്‍ക്ക് പുറമേ ആധാറും ആധികാരിക രേഖയെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്; ആധാര്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും കോടതി
വോട്ടര്‍ പട്ടിക: ആധാര്‍ ഇനി അംഗീകൃത തിരിച്ചറിയല്‍ രേഖ
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ആധാര്‍ ഇനി അംഗീകൃത തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാമെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച 11 തിരിച്ചറിയല്‍ രേഖകള്‍ക്ക് പുറമെയാണ് ആധാര്‍ കൂടി പരിഗണിക്കാനുള്ള സുപ്രധാനമായ വിധി. ഇതോടെ, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള നടപടികള്‍ക്ക് ആധാര്‍ ഒരു ആധികാരിക രേഖയാക്കി മാറ്റും.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ആധാര്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കോടതി വ്യക്തമാക്കിയെങ്കിലും, വോട്ടര്‍മാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളുടെ സാധുത പരിശോധിക്കാനുള്ള അവകാശം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉള്‍പ്പെടുത്തിയ വിവരം പൊതുജനങ്ങളെ അറിയിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇതുസംബന്ധിച്ചുള്ള രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങള്‍ ഉടനടി ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാര്‍ വോട്ടര്‍ പട്ടികയുടെ പരിഷ്‌കരണ നടപടികളുടെ ഭാഗമായി ഏകദേശം 65 ലക്ഷം പേരുകള്‍ നീക്കം ചെയ്തത് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ ഈ ഇടപെടല്‍. നേരത്തെ, രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും സമര്‍പ്പിച്ച ഹര്‍ജികളില്‍, ഹര്‍ജിക്കാര്‍ ആധാര്‍ ഹാജരാക്കുകയാണെങ്കില്‍ അത് തിരിച്ചറിയല്‍ രേഖയായി കണക്കാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഇപ്പോള്‍ എല്ലാ വോട്ടര്‍മാര്‍ക്കും ബാധകമാക്കിയത്.
കഴിഞ്ഞ മൂന്നു തവണയായി കോടതി ഇത് സംബന്ധിച്ച് ഉത്തരവിട്ടിട്ടും ചില ഉദ്യോഗസ്ഥര്‍ ആധാര്‍ തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, കമ്മീഷനില്‍ നിന്നുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളുടെ അഭാവം കാരണമാണ് ബ്ലോക്ക് ലെവല്‍ ഓഫീസര്‍മാര്‍ (BLO) അടക്കമുള്ളവര്‍ ഉത്തരവ് നടപ്പാക്കാതിരുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. വോട്ടര്‍ പട്ടികയിലെ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതില്‍ ഈ തീരുമാനം നിര്‍ണായകമാകും.