പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ജയില്‍വാസം അനുഭവിച്ച ശേഷം വീണ്ടും പീഡിപ്പിച്ച കേസ്; പ്രതിക്ക് 23 വര്‍ഷം തടവും 20,000 രൂപ പിഴയും; പിഴ അടച്ചില്ലെങ്കില്‍ എട്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് അതിവേഗ പോക്‌സോ കോടതി

പോക്‌സോ കേസില്‍ പ്രതിക്ക് 23 വര്‍ഷം തടവ്‌

Update: 2025-09-10 13:26 GMT

തിരുവനന്തപുരം: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ജയില്‍വാസം അനുഭവിച്ച ശേഷം വീണ്ടും പീഡിപ്പിച്ച കേസില്‍ പ്രതിയായ പൂങ്കുളം വെങ്കലമണല്‍ വീട്ടില്‍ സുജിത്ത് എന്ന ചക്കര(24)യ്ക്ക് ഇരുപത്തിമൂന്ന് വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ എട്ട് മാസം കൂടുതല്‍ അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍കണം.

2022 മാര്‍ച്ച് പന്ത്രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയും പ്രതിയും പ്രണയത്തിലായിരുന്നു. പ്രതി വിവാഹ വാഗ്ദാനവും നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടി കൊണ്ട് പോയി വര്‍ക്കലയില്‍ വെച്ച് രണ്ട് ദിവസം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഈ കേസിന് മുമ്പ് 2021 സെപ്റ്റംബറില്‍ പ്രതി കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പല ദിവസങ്ങളില്‍ പീഡിപ്പിച്ചതിന് മറ്റൊരു കേസുണ്ടായിരുന്നു.

ഈ കേസില്‍ റിമാന്‍ഡില്‍ ആയ പ്രതി ജാമ്യത്തിലിറങ്ങിയത് അറിഞ്ഞ കുട്ടി തന്നെ കൊണ്ട് പോയില്ലെങ്കില്‍ ആത്മഹത്യ ചെയുമെന്ന് പ്രതിയോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രതി കുട്ടിയെ വര്‍ക്കലയില്‍ ഒരു ലോഡ്ജില്‍ കൊണ്ട് പോവുകയും തുടര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. കൂട്ടിയെ കാണാത്തതിനാല്‍ വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി ഇവരെ കണ്ടത്തുകയായിരുന്നു.

പോലീസ് കണ്ടെടുത്ത കുട്ടിയുടെ വസ്ത്രങ്ങളില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചപ്പോള്‍ അതില്‍ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ആദ്യത്തെ കേസില്‍ പ്രതിക്ക് അമ്പത് വര്‍ഷം കഠിന തടവിന് ഇതേ കോടതി ശിക്ഷിച്ചിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഭിഭാഷകരായ നിവ്യ റോബിന്‍, അരവിന്ദ്.ആര്‍ എന്നിവര്‍ ഹാജരായി. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. ഷാജി, ഫോര്‍ട്ട് എസ് ഐ കെ.ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ 32 സാക്ഷികളെ വിസ്തരിച്ചു 29 രേഖകളും 4 തൊണ്ടിമുതലുകളും ഹാജരാക്കി.

Tags:    

Similar News