പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി കുറ്റക്കാരന്‍; ശിക്ഷാവിധി തിങ്കളാഴ്ച; പ്രതി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പും കുട്ടിയെ പീഡിപ്പിച്ചതിന് ജുവനൈല്‍ കോടതിയിലും കേസ്; ജാമ്യത്തില്‍ ഇറങ്ങി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് മറ്റൊരു കേസും

പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി കുറ്റക്കാരന്‍

Update: 2025-09-12 11:43 GMT

തിരുവനന്തപുരം: പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി(20)കുറ്റക്കാരനെന്ന് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ള കണ്ടത്തി. തിങ്കളാഴ്ച വിധി പറയും.

2022 നവംബര്‍ ഒമ്പതിന് വൈകിട്ട് ഏഴോടെ ചാലയില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എട്ടാംക്ലാസ്സില്‍ പഠിക്കുകയായിരുന്ന കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു. സംഭവ ദിവസം പ്രതി കുട്ടിയെ വീടിന് അടുത്തുള്ള പൊളിഞ്ഞ മുറിയില്‍ ബലം പ്രയോഗിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തെ തുടര്‍ന്ന് കുട്ടി ഗര്‍ഭിണി ആയി. ആശുപത്രിയില്‍ ചികിത്സക്കു പോയപ്പോഴാണ് ഡോക്ടര്‍ പൊലീസിന് വിവരം അറിയിച്ചത്. തുടര്‍ന്ന് കുട്ടിയെ എസ് എ റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഗര്‍ഭഛിദ്രം നടത്തി. കുട്ടിക്ക് പതിനാല് വയസ്സ് ആയതിനാല്‍ സുരക്ഷ പരിഗണിച്ച് ഡോക്ടര്‍മാര്‍ കൂടിയാലോചിച്ചാണ് ഗര്‍ഭഛിദ്രം നടത്തിയത്.

ഗര്‍ഭഛിദ്രം നടത്തിയപ്പോള്‍ കിട്ടിയ ഭ്രൂണവും, പ്രതിയുടെയും കുട്ടിയുടെയും രക്ത സാമ്പിളുകളും ഡി.എന്‍.എ പരിശോധനക്ക് അയച്ചു. പരിശോധനയില്‍ ഭ്രൂണം പ്രതിയുടേതും കുട്ടിയുടേതുമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിരുന്നു. ഈ സംഭവത്തിന് പുറമെ പ്രതിക്ക് പ്രായപൂര്‍ത്തിയാകും മുമ്പും കുട്ടിയെ പീഡിപ്പിച്ചതിന് ജുവനൈല്‍ കോടതിയില്‍ ഒരു കേസുണ്ട്.

ഇതിന് പുറമെ ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം പ്രതി വീണ്ടും കുട്ടിയെ ബലം പ്രയോഗിച്ച് തട്ടികൊണ്ട് മണക്കാടുള്ള ഒരു ഒഴിഞ്ഞ വീട്ടില്‍ കൊണ്ട് പോയി കേസ് കൊടുത്തതിന് മര്‍ദിക്കുകയും തുടര്‍ന്ന് പീഡിപ്പിക്കുകയും ചെയ്തു. ഈ കേസിന്റെ വിചാരണ ഇതേ കോടതിയില്‍ നടക്കുന്നു .

പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി.ഫോര്‍ട്ട് സി .ഐ ജെ.രാകേഷ് അന്വേഷണം നടത്തി.

Tags:    

Similar News