മരിച്ചയാളോട് ആദരവ് കാണിക്കണം; തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാം; കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോടതിയുടെ സമയം മെനക്കെടുത്തരുത്; ആശാ ലോറന്‍സിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മരിച്ചയാളോട് ആദരവ് കാണിക്കണം
കൊച്ചി: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മകള്‍ ആശാ ലോറന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ മകള്‍ ആശ ലോറന്‍സ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് തര്‍ക്കത്തില്‍ മധ്യസ്ഥ ഇടപെടലാവാം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.
ആശയുടെ അപ്പീലിനെ ചീഫ് ജസ്റ്റിസിന്റെ ഡിവിഷന്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോടതിയുടെ സമയം മെനക്കെടുത്തരുതെന്നും മരിച്ചയാളോട് അല്‍പ്പമെങ്കിലും ആദരവ് കാണിക്കണമെന്നും ഇത്തരം തര്‍ക്കങ്ങള്‍ കുടുംബത്തിനുള്ളില്‍ പരിഹരിക്കേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21-നാണ് എം.എം ലോറന്‍സ് അന്തരിക്കുന്നത്. രണ്ടുമാസമായി ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലോറന്‍സിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാനായിരുന്നു മകനായ അഡ്വ എം. എല്‍ സജീവന്റെയും പാര്‍ട്ടിയുടെയും തീരുമാനം. ഈ തീരുമാനത്തെ എതിര്‍ത്തു കൊണ്ട് മകള്‍ ആശ രംഗത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം.
ലോറന്‍സ് ഇടവക അംഗമാണെന്നും പള്ളിയില്‍ സംസ്‌കരിക്കണമെന്നുമായിരുന്നു മറ്റൊരു മകളായ ആശ ലോറന്‍സിന്റെ ആവശ്യം. ആശ കോടതിയെ സമീപിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്യുകയായിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി പിന്നീട് തള്ളുകയും ലോറന്‍സിന്റെ മൃതദേഹം പഠനത്തിന് വിട്ടു നല്‍കാന്‍ തീരുമാനമാവുകയും ചെയ്തു. തര്‍ക്കം പരിശോധിക്കാന്‍ രൂപീകരിച്ച മെഡിക്കല്‍ കോളജ് സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിനായി നല്‍കണമെന്ന് ജീവിച്ചിരുന്നപ്പോള്‍ ലോറന്‍സ് പറഞ്ഞിരുന്നുവെന്ന് എം. എം. ലോറന്‍സിന്റെ അവസാന സമയത്ത് ഒപ്പമുണ്ടായിരുന്ന മകന്‍ സജീവന്റെ മൊഴിയുടെയും ഇത് സാധൂകരിക്കുന്ന രണ്ട് സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു മൃതദേഹം വൈദ്യപഠനത്തിന് ഏറ്റെടുക്കാന്‍ സമിതി തീരുമാനമെടുത്തത്. ഇതിനെതിരേയാണ് ആശ അപ്പീല്‍ നല്‍കിയത്.