ഭക്ഷണം കഴിക്കാനായി ഡ്രൈവര്‍ പുറത്തിറങ്ങിയപ്പോള്‍ മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിപ്പിച്ചു; വീട്ടുടമയ്ക്ക് ദാരുണാന്ത്യം: അപകടം പുതിയ വീട്ടിലേക്ക് താമസം മാറാനിരിക്കെ
പാലാ: മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ അപകടത്തില്‍പെട്ട വീട്ടുടമയ്ക്കു ദാരുണ മരണം. കരൂര്‍ കണ്ടത്തില്‍ പോള്‍ ജോസഫ് (രാജു-64) ആണു മരിച്ചത്. പയപ്പാറില്‍ നിര്‍മിക്കുന്ന പുതിയ വീടിന്റെ പരിസരത്തെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് വീട്ടുടമസ്ഥനായ പോള്‍ ജോസഫ് അപകടത്തില്‍പ്പെട്ടത്. മണ്ണുമാന്തിയുടെ ഡ്രൈവര്‍ ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോള്‍ രാജു വാഹനം പ്രവര്‍ത്തിപ്പിച്ചതാണ് അപകടത്തിന് വഴിവെച്ചത്.
ഇന്നലെ രാവിലെ പത്തു മണിയോടെയാണ് അപകടം. പുതിയ വീടിനു മതില്‍കെട്ടുന്നതിനാണു മണ്ണ് നീക്കിയത്. വീട് നിര്‍മാണം അവസാന ഘട്ടത്തില്‍ എത്തിയിരുന്നു. ഏറെനാള്‍ മസ്‌കത്തില്‍ ആയിരുന്ന രാജുവിനു മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു പരിചയമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും രാജു മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ജനുവരിയില്‍ പുതിയ വീട്ടിലേക്കു താമസം മാറാനും തീരുമാനിച്ചിരുന്നു. മണ്ണുമാന്തിയുടെ ഡ്രൈവര്‍ ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോള്‍ രാജു വാഹനം പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. മണ്ണില്‍ ചെരിഞ്ഞ മണ്ണുമാന്തി നിയന്ത്രണംവിട്ടു തൊട്ടടുത്ത റബര്‍ മരത്തിലിടിച്ചു. രാജുവിന്റെ തല മരത്തിലിടിച്ചു ഗുരുതരമായി പരുക്കേറ്റതാണു മരണകാരണം.
രണ്ടു വര്‍ഷത്തോളമായി കരൂരാണു താമസം. സംസ്‌കാരം പിന്നീട് നടക്കും. ഭാര്യ: കരൂര്‍ കവിയില്‍ ലൂസി. മക്കള്‍: ജോസഫ് പോള്‍ (മസ്‌കത്ത്), ലിറ്റി പോള്‍, രശ്മി പോള്‍.