കണ്ണൂരില്‍ രണ്ടു പേര്‍ക്ക് എം പോക്സ് സ്ഥിരീകരിച്ചു; പരിയാരത്തെ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഇരുവരുടെയും ആരോഗ്യ നില തൃപ്തികരം
കണ്ണൂര്‍:പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശിപ്പിച്ച രണ്ടു പേര്‍ക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു. വയനാട്, തലശേരി സ്വദേശികളായ രണ്ടു പേര്‍ക്കാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വയനാട് സ്വദേശിയായ 24 വയസുകാരനാണ് ആദ്യം മങ്കി പോക്സാണെന്ന് പരിശോധനയില്‍ വ്യക്തമായത്.മൂന്നു ദിവസം മുന്‍പാണ്് ഇയാള്‍ അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയത്.മങ്കി പോക്‌സ് ലക്ഷണം കണ്ടതോടെയാണ് അബുദാബിയില്‍ നിന്നും ഇങ്ങോട്ടേക്ക് കയറ്റിവിട്ടതെന്നാണ് വിവരം.
ഇപ്പോള്‍ 803 ലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില സാധാരണ ഗതിയിലാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ശരീരത്തില്‍ കുമിളകള്‍ പൊങ്ങിയിട്ടുണ്ടെങ്കിലും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മങ്കിപോക്സ് രോഗിയെ പരിചരിക്കാനായി ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും അടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.വിദേശത്തുനിന്നെത്തിയ തലശേരി സ്വദേശിയായ മറ്റൊരാളെയും എംപോക്‌സ് സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇയാളും പ്രത്യേക നിരീക്ഷണത്തിലാണ്. മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.