ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും നാടിനായി ജീവന്‍ സമര്‍പ്പിച്ചവര്‍; ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് സഹതാപം മാത്രം; എന്തുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് അദ്ദേഹം വിശദീകരിക്കണം: തരൂരിനെ വിമര്‍ശിച്ച് കെ സി വേണുഗോപാല്‍
തരൂരിനെ വിമര്‍ശിച്ച് കെ സി വേണുഗോപാല്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെയും നെഹ്റു കുടുംബത്തിന്റെ സ്വാധീനത്തെയും രൂക്ഷമായി വിമര്‍ശിച്ച ശശി തരൂര്‍ എം.പി.യുടെ ലേഖനത്തിനെതിരെ പാര്‍ട്ടിക്ക് പുറത്തും അകത്തും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. 'കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭീഷണി' എന്ന തലക്കെട്ടില്‍ മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് തരൂര്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ പേരെടുത്ത് വിമര്‍ശിച്ചത്. കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെയാണ് അംഗീകരിക്കേണ്ടതെന്നും, നെഹ്റു-ഗാന്ധി കുടുംബത്തിന്റെ രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിടുന്നുവെന്നും അദ്ദേഹം വാദിച്ചിരുന്നു.
എന്നാല്‍, തരൂരിന്റെ ഈ പരാമര്‍ശങ്ങള്‍ക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തക സമിതി അംഗവുമായ കെ.സി. വേണുഗോപാല്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് സഹതാപം മാത്രമാണെന്നും, ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും നാടിനായി ജീവന്‍ സമര്‍പ്പിച്ചവരാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്തുകൊണ്ടാണ് തരൂര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് അദ്ദേഹം വിശദീകരിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.