കിൻഫ്ര വ്യവസായ പാർക്കുകളിൽ 115.37 ഏക്കർ ഭൂമി ഒഴിഞ്ഞുകിടക്കുന്നു; 2283 കോടി നിക്ഷേപം ലഭിച്ചെന്ന് വ്യവസായ മന്ത്രിയുടെ വാദം; വിവരാവകാശ രേഖ പറയുന്നത് ഇങ്ങനെ
പാലക്കാട്: കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന സർക്കാർ വാദത്തെ തുടർന്ന് ഉണ്ടായ രാഷ്‌ട്രീയ വാക്ക്പോരും ചൂടേറിയ ചർച്ചകളും നടക്കുമ്പോൾ ജില്ലയിലെ കിൻഫ്ര വ്യവസായ പാർക്കുകളിൽ ഭൂമി ഒഴിഞ്ഞുകിടക്കുന്നതായി വിവരാവകാശ രേഖ. 115.37 ഏക്കർ ഭൂമി ഒഴിഞ്ഞു കിടക്കുന്നതായാണ് വിവരാവകാശ രേഖകൾ പ്രകാരമുള്ള വിവരം. കിൻഫ്ര പാർക്കുകൾക്ക് മൂന്ന് വർഷം കൊണ്ട് 2283 കോടി നിക്ഷേപം ലഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് കഴിഞ്ഞ വർഷം അവകാശപ്പെട്ടിരുന്നു. ഈ വാദങ്ങളെ പൊളിച്ചടുക്കുകയാണ് പുറത്ത് വരുന്ന രേഖകൾ.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി
സമർപ്പിച്ച അപ്പീലിന് കിൻഫ്ര മാനേജിംഗ് ഡയറക്ടർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കണക്കുകൾ ഇങ്ങനെ:
1. കിൻഫ്ര ഇൻ്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്സ്റ്റൈൽ പാർക്ക് (ഘട്ടം 2): അനുവദിക്കാവുന്ന ഭൂമി 213 ഏക്കറാണ്. അനുവദിച്ചത് 118 ഏക്കർ, 95 ഏക്കർ ഒഴിഞ്ഞുകിടക്കുന്നു. കൈവശം - 226.
2. കിൻഫ്ര ഡിഫൻസ് പാർക്ക് ഒറ്റപ്പാലം: അനുവദിക്കാവുന്ന ഭൂമി 33.8 ഏക്കർ ആണ്. അനുവദിച്ചത് 14.80, ഒഴിവുള്ളത് 19. കൈവശം 60 ആണ്.
3. ഇൻ്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ പാർക്ക്, ഒറ്റപ്പാലം: അനുവദിക്കാവുന്ന ഭൂമി 11.41 ആണ്. അനുവദിച്ചത് 10.04 ആണ്, ഒഴിവുള്ളത് 1.37 ആണ്. കൈവശം 21.89 ആണ്
വിവിധ പദ്ധതികൾ നടപ്പാക്കാനുള്ള ഭൂമിയുടെ ദൗർലഭ്യം കേരളം നേരിടുന്നു. വ്യവസായ പാർക്കുകളിൽ ഭൂമി ഏറ്റെടുക്കാൻ നിക്ഷേപകർ താൽപര്യം കാണിക്കുന്നില്ലെങ്കിൽ സർക്കാർ അത് അർഹരായ ആളുകൾക്ക് തിരികെ നൽകണമെന്ന് കെ. ഗോവിന്ദൻ നമ്പൂതിരി അഭിപ്രായപ്പെട്ടു.