അവധിക്കാലം ആഘോഷിക്കാന്‍ ബന്ധുവീട്ടില്‍ എത്തി; പാടത്ത് കളിക്കാന്‍ സഹോദരങ്ങള്‍ക്കൊപ്പം പോയ പതിനഞ്ചുകാരന്‍ മുങ്ങിമരിച്ചു; സംഭവം തൃശൂരില്‍

Update: 2025-05-20 17:27 GMT

തൃശ്ശൂര്‍: പാത്രമംഗലത്തെ കുളത്തില്‍ ഇറങ്ങിയ പതിനഞ്ചുകാരന്‍ മുങ്ങിമരിച്ചു. കുന്നംകുളം ചെറുവത്തൂര്‍ സ്വദേശിയായ സുനോജിന്റെ മകന്‍ അദ്വൈതാണ് (15) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലരയ്ക്കും അഞ്ചുമണിക്കും ഇടയിലായിരുന്നു ദാരുണ സംഭവം. അവധിക്കാലം ആയതിനാല്‍ ബന്ധുവീട്ടിലെത്തിയ അദ്വൈത് സഹോദരങ്ങളോടൊപ്പമാണ് പാടത്തേക്ക് കളിക്കാന്‍ പോയത്. പാടത്തിനടുത്ത് കളിക്കവെ കുട്ടികള്‍ കുളത്തിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്. നീന്താന്‍ അറിയാതിരുന്ന അദ്വൈത് വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്.

വിവരം ലഭിച്ച സ്ഥലത്തെ ജനങ്ങള്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍, അര മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ വെള്ളത്തില്‍ നിന്ന് കരകയറ്റാന്‍ കഴിയുന്നത്. അതിനുശേഷം ഉടന്‍തന്നെ മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാടത്തോടു ചേര്‍ന്ന് ഇരിക്കുന്ന കുളത്തില്‍ ആവശ്യമായ സുരക്ഷാസൗകര്യങ്ങളില്ലാതെയാണെന്നും അപകട സാധ്യതകള്‍ ഉണ്ടാകുന്ന പ്രദേശങ്ങളില്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News