പുഴയുടെ തീരത്ത് വാറ്റും; ശേഷം കുപ്പികളിലാക്കി ബൈക്കിൽ ഒളിപ്പിച്ച് കടത്തി വിൽപ്പന; മലപ്പുറത്ത് 25കാരൻ എക്സൈസിന്റെ പിടിയിൽ

Update: 2024-11-05 11:33 GMT

മലപ്പുറം: പെരിന്തൽമണ്ണയിൽ പുഴയുടെ തീരം കേന്ദ്രീകരിച്ച് ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്ന പ്രതി പിടിയിൽ. ഏലംകുളം സ്വദേശിയായ ഹരിഹരൻ.പിയെ (25) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 30 ലിറ്റർ വാറ്റ് ചാരായവും എക്സൈസ് സംഘം പിടിച്ചെടുത്തു.

ഏലംകുളം മാട്ടായ വള്ളോത്തുകടവ് പുഴയുടെ തീരം കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ ചാരായം വാറ്റ്. ശേഷം വിവിധ പ്രദേശങ്ങളിൽ വിൽപ്പന നടത്തി വരികയായിരുന്നു പ്രതിയെന്ന് എക്സൈസ് സംഘം പറഞ്ഞു. വാറ്റ് ചാരായം നിറച്ച കുപ്പികൾ ബൈക്കിൽ ഒളിപ്പിച്ച ശേഷം ആളില്ലാത്ത സ്ഥലങ്ങളിൽ എത്തിച്ചായിരുന്നു യുവാവ് വിൽപ്പന നടത്തിയിരുന്നത്. ചാരായം കടത്താൻ ഉപയോഗിച്ച ബൈക്കും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.

പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.യൂനുസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അന്വേഷണ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രാമൻകുട്ടി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ തേജസ്.വി, രാജേഷ്.ടി.കെ, അബ്ദുൽ ജലീൽ.പി, ഷംസുദ്ദീൻ.വി.കെ, ഷഹദ് ശരീഫ് എന്നിവരുമുണ്ടായിരുന്നു.

Tags:    

Similar News