കാര്യങ്ങളിൽ വ്യക്തത വരണം; കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്, കുട്ടിയുടെ പിതാവിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും

Update: 2024-09-19 11:10 GMT

കൊല്ലം: കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ. ഇതിനുള്ള അപേക്ഷ ക്രൈംബ്രാഞ്ച് അന്വേഷണ സംഘ തലവൻ ഡിവൈഎസ്പി എം.എം. ജോസ് കോടതിൽ നൽകിയതായി കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ് വ്യക്തമാക്കി. ക്രിമിനൽ നിയമത്തിലെ 164-ാം വകുപ്പ് പ്രകാരമായിരിക്കും ജുഡീഷൽ മജിസ്ട്രേറ്റിന് മുമ്പിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. കോടതിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് രഹസ്യമൊഴി രേഖപ്പെടുത്തും. നിലവിൽ ഈ കേസിൽ തട്ടികൊണ്ടുപോകലിന് വിധേയമായ കുട്ടിയുടെയും സഹോദരന്‍റെയും രഹസ്യമൊഴി നേരത്തേ തന്നെ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഈ കേസിൽ കോടതി അനുമതി നൽകിയ തുടർ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ കുട്ടിയുടെ പിതാവിന്‍റെ മൊഴി ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. ഇയാൾ സമീപകാലത്ത് ഒരു ചാനലിൽ നൽകിയ അഭിപ്രായ പ്രകടനത്തിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ തുടരന്വേഷത്തിന് അനുവാദം ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

ചാനലിനോട് താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചാണ് അവർ റിപ്പോർട്ട് ചെയ്തതെന്ന് പിതാവ് മൊഴി നൽകി. അന്വേഷണത്തിൽ പൂർണ തൃപ്തനാണെന്നും അദ്ദേഹം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് കൂടെ ഉണ്ടായിരുന്ന സഹോദരൻ കാറിൽ നാലുപേർ ഉണ്ടായിരുന്നതായി സംശയം പ്രകടിപ്പിക്കുകയും. ഇക്കാര്യത്തിൽ കാര്യമായ അന്വേഷണം നടന്നില്ല എന്ന തരത്തിലാണ് വാർത്ത വന്നിരുന്നത്. ഇത് തീർത്തും അടിസ്ഥാന രഹിതമാണെന്നും പിതാവ് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ചാനൽ വാർത്ത കേസിന്‍റെ വിചാരണ വേളയിൽ പ്രോസിക്യൂഷനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം തുടർ അന്വേഷണത്തിന് ഇപ്പോൾ അനുമതി തേടിയിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് നാടിനെ ഞെട്ടിച്ച് നവംബർ 27ന് വൈകുന്നേരം 4.40-നാണ് കാറിൽ എത്തിയ സംഘം ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം ഇവർ കൊല്ലം ആശ്രാമം മൈതാനിക്ക് സമീപം കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. പോലീസ് കൊല്ലം നഗരം മുഴുവൻ അരിച്ച് പെറുക്കുമ്പോഴാണ് അവരുടെ കണ്ണ് വെട്ടിച്ച് പ്രതികൾ കൊല്ലത്ത് കുട്ടിയെ എത്തിച്ച ശേഷം മടങ്ങിപോയത്.

ഒടുവിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഇത് മനസിലാക്കിയ പ്രതികൾ തമിഴ്നാട്ടിലേയ്ക്ക് കടക്കുകയായിരുന്നു. തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണ് പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാ രാജിൽ കെ.ആർ. പദ്മകുമാർ, ഭാര്യ എം.ആർ. അനിത കുമാരി, മകൾ അനുപമ എന്നിവരെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പത്ത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നാണ് കേസ്. ക്രൈം ബ്രാഞ്ച് സംഘം 90 ദിവസത്തിനുള്ളിൽ കുറ്റപത്രവും സമർപ്പിക്കുകയുണ്ടായി. ശേഷം വിചാരണ നടപടികൾ ആരംഭിക്കാനുള്ള നീക്കങ്ങൾ നടക്കവേയാണ് പിതാവിന്‍റെ പുതിയ വെളിപ്പെടുത്തൽ എന്ന പേരിൽ ചാനലിൽ വാർത്ത വന്നത്. കേസിലെ മൂന്നാം പ്രതി അനുപമയ്ക്ക് പഠന ആവശ്യത്തിനായി ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഏതാനും ദിവസം മുൻപ് രണ്ടാം പ്രതി അനിതാ കുമാരിക്കും കൊല്ലത്തെ വിചാരണ കോടതിയും ജാമ്യം നൽകുകയും ചെയ്തു.

Tags:    

Similar News