ലോഡ് എടുക്കാന്‍ വന്ന കൂറ്റന്‍ ട്രെയിലറിന്റെ ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു തീ പിടിച്ചു:വന്‍ അഗ്‌നിബാധ പെട്രോള്‍ പമ്പിന് മുന്നില്‍: തലനാരിഴയ്ക്ക് അപകടം ഒഴിവായി
ലോഡ് എടുക്കാന്‍ വന്ന കൂറ്റന്‍ ട്രെയിലറിന്റെ ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു തീ പിടിച്ചു
പത്തനംതിട്ട: ഓടി വന്ന കൂറ്റന്‍ ട്രെയിലറിന്റെ ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പിന്നാലെ ടയറിന്റെ ഭാഗത്ത് തീ ആളിപ്പടര്‍ന്നു. പെട്രോള്‍ പമ്പിന് മുന്നില്‍ നിന്ന് വാഹനം കത്തിയെങ്കിലും നാട്ടുകാരും ഫയര്‍ ഫോഴ്സും മനസാന്നിധ്യം കൈവിടാതെ പരിശ്രമിച്ച് അഗ്‌നിബാധ ഒഴിവാക്കി. പത്തനംതിട്ട മൈലപ്ര പെട്രോള്‍ പമ്പിന് മുന്നില്‍ ഉച്ചയ്ക്ക് 12.10 നാണ് സംഭവം. വാഹനത്തിന്റെ പഴയ ടയറുകളിലൊന്ന് പൊട്ടിത്തെറിക്കുകയും തീ പിടിച്ച് ആളിക്കത്തുകയുമായിരുന്നു. തൊട്ടടുത്ത പമ്പില്‍ നിന്ന് അഗ്‌നിശമന യന്ത്രം കൊണ്ടു വന്ന് നാട്ടുകാര്‍ ശ്രമിച്ചെങ്കിലും തീയണയ്ക്കാനായില്ല. ഉടന്‍ തന്നെ അഗ്‌നിശമന സേന സ്ഥലത്ത് വന്ന് തീ നിയന്ത്രണ വിധേയമാക്കി.
ദേശീയ പാതാ വികസനത്തിനുള്ള നിര്‍മാണ സാമഗ്രികള്‍ എടുക്കാന്‍ വന്ന വാഹനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. മെറ്റിലും എം സാന്‍ഡും കയറ്റുന്നതിന് വേണ്ടി വന്നതാണെന്ന് ഡ്രൈവര്‍ പ്രേമന്‍ നായര്‍ പറഞ്ഞു. ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ടയറിനുള്ളിലെ കോട്ട് ചെയ്ത കമ്പികള്‍ പൊട്ടിത്തെറിയുടെ ആഘാതത്തതില്‍ ഉരഞ്ഞാണ് തീ പടര്‍ന്നതെന്നും ഒരു ടയര്‍ മാത്രമാണ് കത്തിയതെന്നും ഡ്രൈവര്‍ പറഞ്ഞു.
സാധാരണ ഇങ്ങനെ ഉണ്ടാകാറുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ ഒരു ടയര്‍ മാത്രമാണ് കത്തിയത്. നാട്ടുകാര്‍ ഇത് ആദ്യമായി കാണുന്നതു കൊണ്ടാണ് പരിഭ്രാന്തി ഉണ്ടായതെന്നും ഡ്രൈവര്‍ പറഞ്ഞു.