റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികയുടെ നാലു പല്ലു പോയ സംഭവം: ഇട്ടിയപ്പാറ - ബംഗ്ലാംകടവ് റോഡ് ഇന്ന് കോണ്‍ഗ്രസ് ഉപരോധിക്കും; കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് പ്രമോദ് നാരായണ്‍ എം.എല്‍.എ
കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് പ്രമോദ് നാരായണ്‍ എം.എല്‍.എ
റാന്നി: നിര്‍മ്മാണം നടക്കുന്ന ഇട്ടിയപ്പാറ-ബംഗ്ലാംകടവ് റോഡില്‍ വാട്ടര്‍ അതോറിട്ടി എടുത്ത കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് രണ്ടു പല്ലുനഷ്ടമായ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ കോണ്‍ഗ്രസ് റോഡ് ഉപരോധിക്കും. ചെറുകുളഞ്ഞിയില്‍ നിന്നും ഇട്ടിയപ്പാറയിലേക്ക് ജോലിക്കായി സ്‌കൂട്ടറില്‍ എത്തിയ അനുപ സുകുമാരനാ (29) കുഴിയില്‍ വീണത്. ജല അതോറിറ്റിക്കായി എടുത്ത കുഴി കൃത്യമായി മൂടാത്തതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. ഇന്നലെ രാവിലെയാണ് സംഭവം. വീഴ്ചയില്‍ മുഖത്തിന് സാരമായ പരുക്കേറ്റ യുവതിയുടെ നാല് പല്ലുകള്‍ നഷ്ടപ്പെട്ടു. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ഇവരെ പിന്നീട് തുടര്‍ ചികിത്സകള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.
ഇട്ടിയപ്പാറ ബംഗളാംകടവ് റോഡില്‍ മാസങ്ങളായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തി കാരണം പൊതുജനം ദുരിതത്തിലാണ്. ബുധനാഴ്ച രാത്രി യാതൊരു മുന്നറിയിപ്പും കൂടാതെ വാട്ടര്‍ അതോറിറ്റി പൈപ്പ് മാറ്റുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തി കുഴികള്‍ കൃത്യമായി മൂടാതെ പോയതിനാല്‍ മഴ പെയ്തു കുഴികളില്‍ ചെളി നിറഞ്ഞു കിടന്നിരുന്നു. നിരവധി വാഹനങ്ങള്‍ ചെളിയില്‍ പുതഞ്ഞു. ചിലത് അപകടത്തില്‍പ്പെട്ടു. കുഴിയില്‍ വീണ വലിയ വാഹനങ്ങള്‍ മണ്ണ് മാന്ത്രിയന്ത്രങ്ങള്‍ കൊണ്ടുവന്നാണ് കരകയറ്റി വിട്ടത്. മുന്നറിയിപ്പില്ലാതെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തി മൂലം യുവതിയെ അപകടത്തിലേക്ക് തള്ളിവിട്ട വകുപ്പിനെതിരെ യാത്രക്കാരും പൊതുജനവും കടുത്ത അമര്‍ഷത്തിലാണ്. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ റോഡ് തടയല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തേണ്ടി വരും എന്ന് നാട്ടുകാര്‍ പറയുന്നു.
മാസങ്ങളോളം നീണ്ടു പോകുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ കാരണം റോഡില്‍ മുഴുവനും കുഴികള്‍ ആയതിനാല്‍ ഈ റോഡിലൂടെ യുള്ള പൊതുജനങ്ങളുടെ യാത്ര ദുരിതത്തിലാണ്. എത്രയും പെട്ടെന്ന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങളുടെ സുഗമമായ യാത്ര ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
നിര്‍മ്മാണം നടക്കുന്ന ഇട്ടിയപ്പാറ-ബംഗ്ലാകടവ്-വടശ്ശേരിക്കര റോഡില്‍ യാത്രക്കാരിക്ക് അപകടം ഉണ്ടാകാന്‍ ഇടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനോടും ജലവ വിഭവ മന്ത്രി റോഷി അഗസ്റ്റിനോടും കത്തിലൂടെ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് ടാറിങ് നടക്കുന്നതിന് മുന്നോടിയായി വാട്ടര്‍ അതോറിറ്റി ഏറ്റെടുത്ത് പൈപ്പിടുന്ന ജോലികള്‍ നടക്കുന്ന ഭാഗത്താണ് യാത്രക്കാരിക്ക് കുഴിയില്‍ വീണ്അപകടം ഉണ്ടാകാന്‍ ഇടയായത്.
പൈപ്പ് ഇടുന്ന ഭാഗത്ത് മതിയായ സൂചനാ ബോര്‍ഡുകള്‍ വയ്ക്കാഞ്ഞത് ഗുരുതരമായ വീഴ്ചയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതില്‍ കരാറുകാരന്റെ ഭാഗത്തുനിന്നും വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇതെല്ലാം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്താനുമാണ് എംഎല്‍എ ആവശ്യപ്പെട്ടത്.
