റോഡ് മുറിച്ചുകടക്കവെ കാറിടിച്ചു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; കരിയാട് കവലയിലെ അപകടത്തിൽ മരിച്ചത് പൊയ്ക്കാട്ടുശ്ശേരി സ്വദേശിനി വത്സല

Update: 2025-09-06 16:12 GMT

അങ്കമാലി: ദേശീയപാതയിൽ കരിയാട് കവലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി സ്വദേശിനി വത്സല (66) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്.

കരിയാട് കവലയിലെ പച്ചക്കറി വിപണന കേന്ദ്രത്തിൽ ജോലി ചെയ്യുന്ന വത്സല, ബസ്സിറങ്ങി സ്ഥാപനത്തിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിൽ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കാറാണ് വത്സലയെ ഇടിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തിൽ തന്നെയാണ് അങ്കമാലി എൽ.എഫ്. ആശുപത്രിയിൽ എത്തിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വത്സല പനങ്ങാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ മകളാണ്. സിന്ധുവാണ് ഏക മകൾ, അരുൺ മരുമകനാണ്.

Tags:    

Similar News