നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹങ്ങളിൽ ഇടിച്ചു; മകളോടൊപ്പം യാത്ര ചെയ്യുകയായിരുന്ന അമ്മയ്ക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

Update: 2025-09-04 09:20 GMT

വൈക്കം: വൈക്കം നാനാടത്ത് നിയന്ത്രണംവിട്ട കാർ അഞ്ച് സ്കൂട്ടറുകൾ ഇടിച്ചുതകർത്തു. അപകടത്തിൽ ഒരാൾ മരിച്ചു. മകളുടെ സ്കൂട്ടറിന് പിന്നിലിരുന്ന് യാത്രചെയ്ത ചന്ദ്രികാദേവി (72) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മകൾ സജിക (50), വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം. ഉദയപ്പൻ (59) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു.

വ്യാഴാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. വൈക്കം-പൂത്തോട്ട റോഡിൽ നാനാടം മാർക്കറ്റിന് സമീപത്താണ് അപകടമുണ്ടായത്. പൂത്തോട്ട ഭാഗത്തുനിന്ന് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ നിയന്ത്രണം വിട്ട് സജികയും മാതാവ് ചന്ദ്രികാദേവിയും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീണു. തുടർന്ന്, കാർ റോഡിന്റെ വലതുവശത്തേക്ക് പാഞ്ഞുകയറി വഴിയോരത്തെ നാല് സ്കൂട്ടറുകളിൽ ഇടിക്കുകയും ഓടയിൽ കുടുങ്ങുകയുമായിരുന്നു.

കാലിന് ഗുരുതരമായി പരിക്കേറ്റ സജികയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാറിടിച്ച് വലതുകൈക്ക് പരിക്കേറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം. ഉദയപ്പൻ ഓടയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചന്ദ്രികാദേവിയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Tags:    

Similar News