മലപ്പുറത്ത് സ്കൂളിലേക്ക് ലിഫ്റ്റ് ചോദിച്ച് കയറിയ സ്കൂട്ടർ അപകടത്തിൽപ്പെട്ടു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; കൂട്ടിയിടിച്ചത് ടോറസ് ലോറിയുമായി
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ സ്കൂളിലേക്ക് പോകാൻ ലിഫ്റ്റ് ചോദിച്ച് കയറിയ സ്കൂട്ടർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. കുട്ടി ടോറസ് ലോറിയുടെ മുന്നിൽപ്പെട്ടാണ് മരിച്ചത്. മലപ്പുറം പൊന്നാനി അഴീക്കൽ സ്വദേശി അബ്ദുൽ ഹാദിയാണ് (15 ) അതിദാരുണമായി മരിച്ചത്. അപകടം നടന്ന ഉടൻ തന്നെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്.
പത്താം ക്ലാസ് വിദ്യാർത്ഥിയായ ഹാദി വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് സ്കൂളിലേക്ക് ലിഫ്റ്റ് ചോദിച്ച് സ്കൂട്ടറിൽ കയറിയതായിരുന്നു. ഉടനെ റോഡിലേക്ക് സ്കൂട്ടർ തെന്നിവീണപ്പോൾ കുട്ടി ലോറിയുടെ മുന്നിൽ വീണ് പോകുകയായിരുന്നു.
സംഭവത്തിൽ സ്കൂട്ടറിന്റെ ഉടമയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പോലീസ് കേസ് എടുത്തതായി അറിയിച്ചു.