മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്; അപകടം വിനോദയാത്രക്കെത്തി മടങ്ങവേ; ഒഴിവായത് വൻ ദുരന്തം

Update: 2024-12-14 04:45 GMT

മൂന്നാർ: വിനോദ സഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഇടുക്കി പൂപ്പാറ തോണ്ടിമലയിലാണ് അപകടം നടന്നത്. സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ബോഡിമെട്ട് - പൂപ്പാറ റോഡിൽ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നെ പോലീസ് വ്യക്തമാക്കി. ഉത്തർപ്രദേശ് സ്വദേശികളായ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. മൂന്നാർ സന്ദർശന ശേഷം മടങ്ങവെയാണ് അപകടം നടന്നത്.

മൂന്നാറിൽ നിന്നും മടങ്ങവേ കാർ നിയന്ത്രണം തെറ്റി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. നിറയെ വെള്ളമുള്ള ഒരു കിണറിന് തൊട്ടുത്തേക്കാണ് യുപി രജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് ഐ ട്വന്‍റി കാർ മറിഞ്ഞത്. കിണറ്റിലേക്ക് വീണിരുന്നെങ്കിൽ ആളപമായമുണ്ടാകാൻ സാധ്യതയുണ്ടായേനേ. കാർ വീണതിന് തൊട്ടു താഴേക്ക് വലിയ താഴ്ചയാണ്.

അൽപ്പം നീങ്ങിയിരുന്നെങ്കിൽ കൂടുതൽ താഴ്ചയിലേക്ക് കാർ മറിഞ്ഞേനെയെന്ന് നാട്ടുകാർ പറയുന്നു. തലനാരിഴയ്ക്കാണ് എല്ലാവരും രക്ഷപ്പെട്ടത്. വലിയ അപകടം ഒഴിവായെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News