ഗോള്‍ പോസ്റ്റ് ഒടിഞ്ഞ് വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം; തിരുവല്ല സ്വദേശിയായ അദ്വിക്കിന്റെ മരണം ചെന്നൈയില്‍ വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് മൈതാനത്ത് കളിക്കുന്നതിനിടെ
ഗോള്‍ പോസ്റ്റ് ഒടിഞ്ഞ് വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം
തിരുവല്ല : കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ഗോള്‍ പോസ്റ്റ് ഒടിഞ്ഞു വീണ് ചെന്നൈയില്‍ ഉണ്ടായ അപകടത്തില്‍ തിരുവല്ല മതില്‍ ഭാഗം സ്വദേശിയായ ഏഴു വയസ്സുകാരന്‍ മരിച്ചു. ചെന്നൈ ആവഡിയില്‍ വ്യോമസേന ഉദ്യോഗസ്ഥനായ മതില്‍ഭാഗം കാര്‍ത്തികയില്‍ രാജേഷ് പണിക്കരുടെയും കിഴക്കുംമുറി വലിയവീട്ടില്‍ പനയപ്പള്ളില്‍ ശ്രീലക്ഷ്മിയുടെയും മകന്‍ അദ്വിക് ആണ് മരിച്ചത്.
വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് മൈതാനത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ മൈതാനത്തിന്റെ ഒരു ഭാഗത്ത് നിലനിന്നിരുന്ന തുരുമ്പെടുത്ത ഗോള്‍ പോസ്റ്റ് അദ്വികിന്റെ മേലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പനയപ്പള്ളില്‍ വീട്ടുവളപ്പില്‍ നടക്കും. സഹോദരി : അക്ഷിത.