'ആശാനേ..പണി പാളിയെന്ന തോന്നണേ..!'; പുറത്തുനിന്ന് നോക്കിയാൽ നല്ല ഉഗ്രൻ പലചരക്ക് കട; അകത്തെ കച്ചവടം മറ്റൊന്ന്; കൈയ്യോടെ പൊക്കി എക്‌സൈസ്
പുല്‍പ്പള്ളി: മാഹിയില്‍ വിദേശ നിര്‍മ്മിത മദ്യം വില്‍പ്പന നടത്തി വന്നയാളെ വയനാട്ടില്‍ എക്‌സൈസ് കൈയ്യോടെ പൊക്കി. പുല്‍പ്പള്ളി പാടിച്ചിറ വില്ലേജില്‍ അമരക്കുനി നിരവത്ത് വീട്ടില്‍ എന്‍പി സുരേഷ് (54) എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ചീയമ്പം 73 കവലയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനക്കിടയിലാണ് വില്‍പ്പനക്കായി കൊണ്ടുവന്ന നാല് ലിറ്റര്‍ പുതുച്ചേരി നിര്‍മ്മിത മദ്യവുമായി സുരേഷ് പിടിയിലായത്.
അര ലിറ്റര്‍ വീതമുള്ള എട്ട് കുപ്പികളിലായിരുന്നു മദ്യം ഉണ്ടായിരുന്നത്. ചീയമ്പം 73 കവലയില്‍ പലചരക്ക് കട നടത്തി വരികയാണ് സുരേഷ്. കച്ചവടത്തിന്‍റെ മറവില്‍ മാഹിയില്‍ നിന്ന് കുറഞ്ഞ വിലക്ക് വിദേശ മദ്യം കൊണ്ടുവന്ന് 73 കവലയിലും മറ്റും വില്‍പ്പന നടത്തുന്നതായി എക്‌സൈസ് ഇന്‍റലിജന്‍സിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.
സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ എക്‌സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.