സ്‌കൂളിൽ പഠിക്കുന്ന പയ്യനെ പറ്റിച്ച് ലക്ഷങ്ങൾ തട്ടി; ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് അന്വേഷണം; പാഞ്ഞെത്തിയ പോലീസ് പ്രതിയെ കുടുക്കിയത് ഇങ്ങനെ

Update: 2025-08-08 17:15 GMT

കോഴിക്കോട്: പത്താംക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും രക്ഷിതാക്കളുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയും നേരിട്ടും ലക്ഷങ്ങള്‍ തട്ടി മുങ്ങിയ കേസിലെ പ്രതി പേരാമ്പ്ര പോലീസിന്റെ വലയിൽ കുടുങ്ങി. കോട്ടയം കാഞ്ഞിരത്താനം സ്വദേശി രാഹുല്‍ എസ്.പി (34) ആണ് പിടിയിലായത്. പണം തട്ടിയ ശേഷം പ്രതി ഉത്തര്‍പ്രദേശിലും വാരണാസിയിലുമായി ഒളിവില്‍ കഴിയുകയായിരുന്നു.

ഇതിനിടയില്‍ വാരണാസിയില്‍ നിന്ന് വന്ന ഒരു ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി വാരണാസിയിലുണ്ടെന്ന് പേരാമ്പ്ര പോലീസിന് സൂചന ലഭിച്ചിരുന്നു. വാരണാസിയിലെത്തി പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഈ സമയം പ്രതി കേരളത്തിലേക്ക് കടന്നിരുന്നു.

തുടര്‍ന്ന് പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.എം സുനില്‍ കുമാറും, ചന്ദ്രനും തിരുവനന്തപുരത്തെത്തി അന്വേഷണം നടത്തിയതില്‍ കുറ്റിച്ചാല്‍ എന്ന സ്ഥലത്തുള്ള ഒരു അമ്പലത്തില്‍ ഭാഗവത സപ്താഹ ദിവസം താടിയും മുടിയും നീട്ടി പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരന്‍ വന്ന് പോയതായി വിവരം ലഭിച്ചു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ അച്ഛന്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലം കണ്ടെത്തി. രാത്രി മണിക്കൂറുകളോളം പ്രതിയുടെ സാന്നിധ്യത്തിനായി പോലീസ് സംഘം കാത്തിരുന്നു. തുടര്‍ന്ന് പ്രതിയെ പോലീസ് സാഹസികമായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.   

Tags:    

Similar News