രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിലേക്ക് ഇരച്ചെത്തി എക്സൈസ്; കയറി തപ്പിയപ്പോൾ കിട്ടിയത് വിദേശ മദ്യം; കൈയ്യോടെ പൊക്കി
By : സ്വന്തം ലേഖകൻ
Update: 2025-08-13 15:41 GMT
പൂച്ചാക്കൽ: അനധികൃതമായി വീട്ടിൽ മദ്യ വിൽപ്പന നടത്തി വന്ന ആളെ എക്സൈസ് സംഘം കൈയ്യോടെ പിടികൂടി. പെരുമ്പളം പഞ്ചായത്ത് ആറാം വാർഡ് തോപ്പുവെളിയിൽ പുഷ്പാംഗദൻ (53) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽനിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച പതിനെട്ട് കുപ്പി വിദേശ മദ്യം കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കുത്തിയതോട് എക്സൈസ് റേഞ്ചിലെ ഗ്രേഡ് അസി. ഇൻസ്പെക്ടർ സബിനേഷ് ജിത്തിൻറെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ചേർത്തല മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഗ്രേഡ് പ്രിവൻറീവ് ഓഫീസർ എസ്. സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ റോസമ്മാ തോമസ്, വി. കെ. വിപിൻ, പി. ജി. ബിപിൻ, എസ്. എൻ. സന്തോഷ് എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.