വോള്‍വോ സ്ലീപ്പര്‍ ബസിൽ സുഖ യാത്ര; പുലർച്ചെ മീനങ്ങാടി ടൗണിൽ എത്തിയതും നെഞ്ചിടിപ്പ്; പരിശോധനയിൽ കോടികളുടെ തിളക്കം; കൈയ്യോടെ പൊക്കി എക്സൈസ്

Update: 2025-11-02 09:33 GMT

വയനാട്: മീനങ്ങാടിയിൽ കര്‍ണാടക ആര്‍ടിസിയുടെ സ്ലീപ്പര്‍ ബസിൽ നിന്ന് 1.36 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ റസാഖിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിൽ ഇന്ന് പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്.

നിയമവിരുദ്ധമായി രേഖകളില്ലാതെയാണ് ഇത്രയും വലിയ തുക കടത്താൻ ശ്രമിച്ചത്. ഇയാളുടെ കൈവശം പണവുമായി ബന്ധപ്പെട്ട യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം.കെ, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലർച്ചെ മൂന്നുമണിയോടെ മൈസൂരു-കോഴിക്കോട് ദേശീയപാതയിൽ മീനങ്ങാടിക്ക് സമീപം പരിശോധന നടത്തിയത്.

സംസ്ഥാനതലത്തിൽ എക്സൈസ് വകുപ്പ് നടത്തിയ വാഹന പരിശോധനയുടെ ഭാഗമായാണ് നടപടി. പിടികൂടിയ പണം തുടര്‍ നടപടികള്‍ക്കായി ആദായനികുതി വകുപ്പിന് കൈമാറുമെന്ന് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ. ഷാജി അറിയിച്ചു. 

Tags:    

Similar News