ഗ്രൗണ്ടിൽ സൈക്കിള്‍ ചവിട്ടാനെത്തുന്ന കുട്ടിയെ നോക്കിവെച്ചു; അടുപ്പം സ്ഥാപിച്ച ശേഷം ഓട്ടോയിൽ കയറ്റികൊണ്ടുപോയി പീഡനം; ഷിയാദിനെ അറസ്റ്റ് ചെയ്ത് പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 60 വയസ്സുകാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. നെടുമങ്ങാട് പത്താംകല്ല് സ്വദേശി ഷിയാദ് മൊയ്തീനാണ് പിടിയിലായത്. ഇന്നലെ ആളൊഴിഞ്ഞ പറമ്പിൽ വെച്ച് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
കഴിഞ്ഞ ഒക്ടോബർ മാസം മുതൽ ഇയാൾ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. പത്താംകല്ലിലെ ഗ്രൗണ്ടിൽ സൈക്കിൾ ചവിട്ടാനെത്തുന്ന കുട്ടിയുമായി ഷിയാദ് സൗഹൃദം സ്ഥാപിക്കുകയും, തുടർന്ന് ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ പറമ്പുകളിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു പതിവ്. ആദ്യമായി പീഡിപ്പിച്ച ശേഷം കുട്ടിക്ക് പത്തുരൂപ നൽകുകയും, വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു.
ഇന്നലെയും സമാനമായ രീതിയിൽ ആളൊഴിഞ്ഞ പറമ്പിൽ ഓട്ടോ നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സ്ഥലത്തെത്തി. തുടർന്നാണ് പീഡനവിവരം പുറത്തറിയുകയും ഷിയാദിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തത്. കുട്ടിയുടെ മൊഴിയിൽ നിന്നാണ് ഇയാൾ ഒക്ടോബർ മാസം മുതൽ പലതവണയായി കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പോലീസിന് വ്യക്തമായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.