ഭാര്യയെ കുറിച്ച് മോശമായി സംസാരിച്ചു; പിന്നാലെ ചോദ്യം ചെയ്തതിൽ വിരോധം; ഭർത്താവിനെ വീട്ടിൽ കയറി ആക്രമിച്ച അച്ഛനും മകനും പിടിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-03-22 14:10 GMT
ഹരിപ്പാട്: ഭാര്യയെ കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത ഭർത്താവിനെയും ബന്ധുക്കളെയും വീടുകയറി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അച്ഛനു പിന്നാലെ മകനും പിടിയിൽ. കരുവാറ്റ മൂട്ടിയിൽ വീട്ടിൽ ശിവപ്രസാദിന്‍റെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ കരുവാറ്റ വില്ലേജിൽ കൊടുപത്തു വീട്ടിൽ ബിന്ദുമോൻ നേരത്തെ പൊലീസിന്‍റെ പിടിയിലായിരുന്നു. ഒളിവിലായിരുന്ന മകൻ അർജുനനെ (23) കഴിഞ്ഞദിവസം രാത്രിയിൽ പോലീസ് പിടികൂടി.
ശിവപ്രസാദിന്‍റെ ഭാര്യയെ കുറിച്ച് ബിന്ദുമോൻ മോശമായി മറ്റുള്ളവരോട് പറഞ്ഞതു ചോദ്യം ചെയ്തതിനെ തുടർന്നാണ് ബിന്ദു മോനും മകനായ അർജുനും ഇയാളുടെ ബന്ധുക്കളും ചേർന്ന് വീട്ടിൽ കയറി അക്രമം നടത്തിയത്. ശിവപ്രസാദിനെയും അച്ഛനെയും ഇയാളുടെ അമ്മയെയും ക്രൂരമായി സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.