കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ; ഏഴ് കിലോ വരെ പിടിച്ചെടുത്ത് എക്സൈസ്; സംഭവം ഇടുക്കിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-01-12 16:53 GMT
ഇടുക്കി: ഏഴ് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികളെ എക്സൈസ് കൈയ്യോടെ പൊക്കി. ഇടുക്കി രാജാക്കാടാണ് സംഭവം നടന്നത്. ഒഡീഷ സ്വദേശികളായ നിർമൽ ബിഷോയ് (33), നാരായൺ ബിഷോയ് (27) എന്നിവരാണ് അറസ്റ്റിലായത്. രാജാക്കാടുള്ള സ്വകാര്യ ഇഷ്ടിക നിർമാണ യൂണിറ്റിലെ തൊഴിലാളികളാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് ഇവർ സ്വദേശമായ ഒഡീഷയിൽ നിന്നും മടങ്ങിയെത്തിയത്. രാജാക്കാട് മേഖലയിൽ ചില്ലറ വിൽപന നടത്താനാണ് ഇരുവരും കഞ്ചാവുമായി എത്തിയത്. ആറ് പൊതികളിലായാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാജാക്കാട് കെഎസ്ഇബി ഓഫീസിന് സമീപത്ത് നിന്നും അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കഞ്ചാവും പ്രതികളെയും അറസ്റ്റ് ചെയ്തത്.