പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യരുത്; അന്വേഷണവുമായി സഹകരിക്കണം; കേരളം വിടരുത്; ഒരു ലക്ഷം കെട്ടിവയ്ക്കണം; ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി
തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ച് വിചാരണക്കോടതി. നടൻ സിദ്ദിഖ് തന്നെ മാസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് നടിയുടെ പരാതി.
നിള തിയറ്ററില്‍ സിദ്ദിഖിന്റെ സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവനടി നേരെത്തെ വെളിപ്പെടുത്തിയിരുന്നു.
കോടതി ഉത്തരവിൽ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും കേരളം വിടരുതെന്നുമുള്ള വ്യവസ്ഥകളോടെ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവു പ്രകാരമാണ് കോടതിയുടെ നടപടി. അറസ്റ്റ് രേഖപ്പെടുത്തി വിചാരണകോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നായിരുന്നു വ്യവസ്ഥ.
അന്വേഷണ ഉദ്യോഗസ്ഥരുമായി സിദ്ദിഖ് സഹകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. എപ്പോൾ ആവശ്യപ്പെട്ടാലും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണം, പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്, പരാതിക്കാരിയുമായി ബന്ധപ്പെട്ട ആരെയും കാണാൻ പാടില്ല, സമൂഹമാധ്യമങ്ങൾ വഴി പരാതിക്കാരിയെ അപമാനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്.