സംസ്ഥാനത്തെ നടുക്കി വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം; മരിച്ചത് സ്വദേശിനിയായ സ്ത്രീ; ഈ മാസത്തെ മൂന്നാമത്തെ മരണമെന്നും റിപ്പോർട്ടുകൾ; ജാഗ്രത വേണമെന്ന് അധികൃതർ

Update: 2025-10-11 17:45 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്  മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ 48-കാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കശുവണ്ടി തൊഴിലാളിയായിരുന്ന ഇവരിൽ രോഗം സ്ഥിരീകരിച്ചത് സെപ്റ്റംബർ 23-നാണ്. ഈ മാസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ അമീബിക് മെനിഞ്ചൈറ്റിസ് മരണമാണിത്.

തലച്ചോറിനെ ബാധിക്കുന്ന ഗുരുതരവും അപൂർവവുമായ രോഗമാണ് അമീബിക് മെനിഞ്ചൈറ്റിസ്. ജലത്തിൽ കാണുന്ന 'നെഗ്ലേറിയ ഫൗളേറി' (Naegleria fowleri) എന്നയിനം അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ ജലാശയങ്ങളിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച് തലച്ചോറിനെ ബാധിച്ചാണ് രോഗമുണ്ടാകുന്നത്. തലച്ചോറിനും മൂക്കിനും ഇടയിലുള്ള നേർത്ത പാളിയിലെ സുഷിരങ്ങൾ വഴിയോ ചെവിയിലെ പ്രശ്നങ്ങൾ വഴിയോ അമീബ തലച്ചോറിലെത്താം. 97 ശതമാനത്തിലധികം മരണനിരക്കുള്ള ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

കടുത്ത പനി, തലവേദന, ഛർദ്ദി, ഓക്കാനം, കഴുത്ത് വേദന, വെളിച്ചം കാണാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗം ഗുരുതരമാകുന്ന ഘട്ടത്തിൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

Tags:    

Similar News