കണ്ണപുരം സ്‌ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം: മുഖ്യപ്രതി അനൂപ് മാലിക്ക് റിമാന്‍ഡില്‍, പ്രതി സ്ഥിരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നു; സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

മുഖ്യപ്രതി അനൂപ് മാലിക്ക് റിമാന്‍ഡില്‍

Update: 2025-08-31 17:54 GMT

കണ്ണൂര്‍ : നാടിനെ ഞെട്ടിച്ച സ്‌ഫോടന കേസിലെ മുഖ്യപ്രതി റിമാന്‍ഡില്‍. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ സ്‌ഫോടനം നടന്ന് സഹായി കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി അനു മാലിക്കിനെ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതേ തുടര്‍ന്ന് പ്രതിയെ കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി.

പ്രതി നിരന്തരം സമാന സ്വഭാവമുളള കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി അന്വേഷണ സംഘം കോടതി മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എന്നാല്‍, സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ ചാലാട് സ്വദേശി മുഹമ്മദ് അഷാം കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച്ച വൈകിട്ട് കാഞ്ഞങ്ങാട് വെച്ചാണ് അനൂപ് മാലിക് പിടിയിലായത്. രാത്രി കണ്ണപുരത്തെത്തിച്ച പ്രതിയെ ശനി, ഞായര്‍ ദിവസങ്ങളില്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ സ്‌ഫോടനത്തില്‍ നേരിട്ട് പങ്കില്ലെന്ന് ഇയാള്‍ ആവര്‍ത്തിച്ചു. സമാനമായ ഏഴ് കേസുകളില്‍ പ്രതിയായ ഇയാള്‍ ഒരേ കുറ്റകൃത്യം ആവര്‍ത്തിക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.

കാഞ്ഞങ്ങാടുള്ള സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയശേഷം സംസ്ഥാനം വിടാനായിരുന്നു പ്രതിയുടെ നീക്കം. കണ്ണൂര്‍ നഗരത്തില്‍ കച്ചവടക്കാരനായിരുന്ന ഈ സുഹൃത്തിനോട് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്ന് അനൂപ് മാലിക് പറഞ്ഞിരുന്നു. എന്നാല്‍, സ്‌ഫോടനത്തില്‍ അടുത്ത ബന്ധുവായ മുഹമ്മദ് അഷാമിന്റെ മരണം അനു മാലികിനെ തളര്‍ത്തി. കീഴടങ്ങാന്‍ ഒരുങ്ങി. ഇതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്.

പ്രതി കച്ചവടക്കാരനെന്നും രാഷ്ട്രീയ ബന്ധമില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെടിമരുന്ന് അനധികൃതമായി നിര്‍മ്മിക്കുകയും സംഭരിക്കുകയും ചെയ്തതിനാല്‍ ഇവ പൊട്ടിത്തെറിച്ചാണ് അപകടം. മൂന്ന് ദിവസത്തിനു ശേഷം പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. തെളിവെടുപ്പടക്കം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ പഴുതടച്ചുളള കുറ്റപത്രം നല്‍കാനാണ് പൊലീസിന്റെ നീക്കം.

ആന്‍ഡി എക്‌സ്പ്‌ളോസീവ് കേസാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ മറ്റാര്‍ക്കും പങ്കില്ല. പയ്യന്നൂരില്‍ ഹാര്‍ഡ് വെയര്‍ കട നടത്തിവരികയാണെന്ന് പറഞ്ഞാണ് അനുപ് മാലിക്ക് ഗോവിന്ദന്‍ കീഴറ യെന്ന റിട്ട. അധ്യാപകനില്‍ നിന്നും വീട് വാടയ്ക്ക് എടുത്തത്.

Tags:    

Similar News