വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; രോഗം 56 കാരിയായ മലപ്പുറം സ്വദേശിനിക്ക്; നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്

Update: 2025-09-06 14:31 GMT

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വര ഭീഷണി ശക്തമാകുന്നു. ഇന്ന് വീണ്ടും രോഗം സ്ഥിരീകരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശിനിയായ 56 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് (35) രോഗബാധയെ തുടര്‍ന്ന് മരിച്ചു. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 11 പേര്‍ രോഗബാധിതരായി ചികിത്സയിലാണ്. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.

മലപ്പുറം സ്വദേശിയായ 10 കാരനു കഴിഞ്ഞ വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റു അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്ക തുടരുകയാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്ത് രോഗബാധ കൂടിയ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലൂടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ ജലസ്രോതസുകളുടെ ശുചിത്വം പാലിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News