ഡോക്ടറെ 'ഡിജിറ്റല്‍ അറസ്റ്റ്' ചെയ്ത് പണം തട്ടി: പ്രതിയെ പഞ്ചാബില്‍ നിന്നും അതിസാഹസികമായി പിടികൂടി കണ്ണൂര്‍ സൈബര്‍ പോലീസ്
ഡോക്ടറെ 'ഡിജിറ്റല്‍ അറസ്റ്റ്' ചെയ്ത് പണം തട്ടി: പ്രതിയെ പഞ്ചാബില്‍ നിന്നും അതിസാഹസികമായി പിടികൂടി കണ്ണൂര്‍ സൈബര്‍ പോലീസ്
കണ്ണൂര്‍: തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ 'ഡിജിറ്റല്‍ അറസ്റ്റ്' ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയില്‍. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവന്‍ രാം (28) ആണ് കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസിന്റെ പിടിയിലായത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉള്‍ഗ്രാമത്തില്‍ വെച്ച് അതിസാഹസികമായാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ നവംബര്‍ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ സി.ബി.ഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വാട്‌സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, പരാതിക്കാരിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍ (ങീില്യ ഘമൗിറലൃശിഴ) കേസ് നിലവിലുണ്ടെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാനെന്ന പേരില്‍ ഡോക്ടറെ ഭയപ്പെടുത്തി വിവിധ അക്കൗണ്ടുകളിലായി 10,50,000 രൂപ അയപ്പിക്കുകയായിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി ജീവന്‍ രാം ചെക്ക് വഴി അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതായി പോലീസ് കണ്ടെത്തി.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍രാജ് പി ഐ.പി.എസിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ പ്രജീഷ് ടി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ ജ്യോതി ഇ, സി.പി.ഒ സുനില്‍ കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതിയുടെ ലൊക്കേഷന്‍ തുടര്‍ച്ചയായി മാറിക്കൊണ്ടിരുന്നത് അന്വേഷണത്തെ ബാധിച്ചെങ്കിലും, പഞ്ചാബിലെ കൊടും തണുപ്പും പ്രതികൂല സാഹചര്യങ്ങളും വകവെക്കാതെ അഞ്ചുദിവസത്തോളം പിന്തുടര്‍ന്നാണ് പോലീസ് പ്രതിയെ വലയിലാക്കിയത്.