ബൈക്കിലെത്തി ഗ്യാസ് ഏജന്‍സി ജീവനക്കാരന്റെ പണം കവര്‍ന്നു; മൂന്നു പേര്‍ പിടിയില്‍; സി സി ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം നിര്‍ണായകമായി

ബൈക്കിലെത്തി ഗ്യാസ് ഏജന്‍സി ജീവനക്കാരന്റെ പണം കവര്‍ന്നു; മൂന്നു പേര്‍ പിടിയില്‍

Update: 2025-08-18 09:14 GMT

പയ്യന്നൂര്‍: ബൈക്കിലെത്തി ഗ്യാസ് ഏജന്‍സി ജീവനക്കാരന്റെ പണം അടങ്ങിയ ബേഗ് തട്ടിയെടുത്ത് രക്ഷപ്പെട്ട മൂന്നംഗ സംഘം പിടിയില്‍. തളിപ്പറമ്പ് പട്ടുവം സ്വദേശി കൊവ്വല്‍ ഹൗസില്‍ മുഹമ്മദ് അജ്മല്‍ (23), തളിപ്പറമ്പ മന്നയിലെ മൈലാകത്ത് ഹൗസില്‍ മുഹമ്മദ് റുഫൈദ് (21), മുയ്യം മുണ്ടേരി സ്വദേശി മുഹമ്മദ് റിസ്വാന്‍ (18) എന്നിവരെയാണ് പയ്യന്നൂര്‍ ഡിവൈ.എസ് പി.കെ.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.പി.യദു കൃഷ്ണന്‍, എസ്.ഐ.എന്‍.കെ.ഗിരീഷ് എന്നിവരടങ്ങിയ സംഘം കണ്ണൂര്‍ പുതിയ തെരുവില്‍ വെച്ച് പിടികൂടിയത്.

16ന് ശനിയാഴ്ച രാത്രി 7.30 മണിയോടെയാണ് പയ്യന്നൂര്‍സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം - തെരു റോഡിലെ ഇടറോഡില്‍ സ്‌കൂട്ടര്‍ യാത്രികന്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരനായ മഹാദേവ ഗ്രാമത്തിലെ സി.കെ.രാമകൃഷ്ണന്റെ (59) ബാഗില്‍ സൂക്ഷിച്ച ഗ്യാസ് ഏജന്‍സിയില്‍ അടക്കേണ്ട 2,05,400രൂപ തട്ടിയെടുത്ത ശേഷം പ്രതികള്‍ തള്ളിത്താഴെയിടുകയും വീഴ്ചയില്‍ കല്ലിലിടിച്ചുവീണതിനെ തുടര്‍ന്ന് പരിക്കേറ്റിരുന്നു.

പരിക്കേറ്റ രാമകൃഷ്ണന്‍ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു. രാമകൃഷ്ണന്റെ പണം തട്ടിപ്പറിച്ചെടുത്ത സംഘം ബൈക്കിലാണ് രക്ഷപ്പെട്ടതെന്നും കവര്‍ച്ചക്കാരില്‍ ഒരാളെ ടൗണില്‍ കണ്ട് മുഖപരിചയമുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. കേസെടുത്ത പോലീസ് മൊഴിയുടെ അടിസ്ഥാനത്തില്‍ സമീപത്തെവീടുകളിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ ശേഖരിച്ചാണ് അന്വേഷണം തുടങ്ങിയത്.

പണം കവര്‍ന്ന പ്രതികള്‍ പ്രധാന റോഡിലേക്കാണ് ഓടിയത്. കവര്‍ച്ചക്കാര്‍ പോയതായി സംശയിക്കുന്ന സ്ഥലങ്ങളിലെയും നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍നിന്നാണ് പോലീസിന്റെ അന്വേഷണം പ്രതികളിലേക്കെത്തിയതും പുതിയ തെരുവില്‍ വെച്ച് പ്രതികള്‍ പിടിയിലായതും. പോലീസ് പിടിയിലായ പ്രതികളുടെ കയ്യില്‍ ഇരുപത്തയ്യായിരത്തോളം രൂപ മാത്രമാണുണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു.

രണ്ടുലക്ഷത്തിലേറെ രൂപ കവര്‍ന്നിട്ടും ഈ സംഘം വിദൂരങ്ങളിലേക്ക് കടക്കാതിരുന്നതും സംശയത്തിനിട നല്‍കിയിരുന്നു. സംഭവത്തിലെ ദുരൂഹത നീക്കാന്‍ പോലീസ് വിളിച്ചുവരുത്തിയ പരാതിക്കാരന്റെ സാന്നിദ്ധ്യത്തിലാണ് പ്രതികളെ ചോദ്യം ചെയ്ത് മൊഴിയെടുത്തത്. പോലീസ്

അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News