വാഹനത്തിൻറെ പിഴത്തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടെത്തി; പിന്നാലെ താക്കോൽക്കൂട്ടം ഉപയോഗിച്ച് അസി.മോട്ടോർ ഇൻസ്പെക്ടറെ ആക്രമിച്ചു; നെറ്റിയിൽ നാല് തുന്നൽ; പ്രതി പിടിയിൽ

Update: 2025-07-21 15:21 GMT

തിരുവല്ല: വാഹനത്തിൻറെ പിഴത്തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ അതിക്രമിച്ചു കയറി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ആക്രമിച്ചയാൾ അറസ്റ്റിൽ. ഈരാറ്റുപേട്ട ആർ.ടി ഓഫിസിലെ ഏജന്റായ പട്ടൂർ പറമ്പിൽ വീട്ടിൽ മാഹിൻ (31) ആണ് പിടിയിലായത്. തിരുവല്ല റവന്യൂ ടവറിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി ഓഫിസിലെ അസി. മോട്ടോർ ഇൻസ്പെക്ടർ ആർ.സന്ദീപിനെയാണ് മർദ്ദിച്ചത്. അക്രമത്തിൽ സന്ദീപിന്റെ നെറ്റിയിൽ പരിക്കേറ്റു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. വാഹനത്തിൻറെ പിഴത്തുക കുറയ്ക്കണം എന്ന ആവശ്യപ്പെട്ട് ഓഫിസിൽ എത്തിയ മാഹിനോട് ഓഫിസ് സമയം കഴിഞ്ഞതായി സന്ദീപ് അറിയിച്ചു. ഇതോടെ പ്രകോപിതനായ മാഹിൻ വനിതാ ജീവനക്കാരെ അസഭ്യം പറയുകയും കയ്യിൽ കരുതിയിരുന്ന താക്കോൽക്കൂട്ടം ഉപയോഗിച്ച് സന്ദീപിനെ ആക്രമിക്കുകയായിരുന്നു.

തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബഹളം കേട്ട് ഓടിയെത്തിയ സമീപ ഓഫിസുകളിലെ ജീവനക്കാരും ചേർന്ന് മാഹിനെ പിടികൂടി തിരുവല്ല പോലീസിന് കൈമാറി. തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ദീപിന്റെ നെറ്റിയിൽ നാല് തുന്നലുകൾ ഇടേണ്ടി വന്നു. പ്രതിയെ പിന്നീട് കോടതി ഹാജരാക്കുമെന്ന് തിരുവല്ല പോലീസ് പറഞ്ഞു.

Tags:    

Similar News