''ഇത്രക്കും പോപ്പുലറായ എന്നെ കണ്ടിട്ട് മനസ്സിലായില്ലേടാ...''; വാഹനത്തിന് പിന്നിൽ വന്ന് ഹോണടിച്ചു; പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം; ഗുണ്ടകൾ അറസ്റ്റിൽ
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ. വാഹനത്തിന് പിന്നിൽ വന്ന് ഹോണടിച്ചതിന് പ്രതികാരമായായിരുന്നു അക്രമം.
സംഭവത്തിൽ പെരുമാതുറ സ്വദേശി ഷാനിഫർ (32), പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് (28) എന്നിവരെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥനായ ഷമീറിനെയാണ് ഗുണ്ടകൾ ആക്രമിച്ചത്. ഷമീറിനെ പ്രതികൾ കത്തി കൊണ്ട് കുത്താനും ശ്രമിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഷമീർ പുതുക്കുറിച്ചിയിലുള്ള തന്റെ വീട്ടിലേക്ക് പോകവെയാണ് സംഭവം നടന്നത്. ഷമീറിന്‍റെ വാഹനത്തിന് മുന്നിലൂടെ പ്രതികൾ ബൈക്കിൽ പോകുകയായിരുന്നു. പിന്നാലെയെത്തിയ ഷമീർ ഹോൺ അടിച്ചത് പ്രതികൾക്ക് ഇഷ്ടാമായില്ല. ഇത് ചോദ്യംചെയ്ത ശേഷമാണ് പ്രതികൾ മർദനം തുടങ്ങിയത്.
'ഞങ്ങൾ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകൾ ആണ്, ഞങ്ങളുടെ പിന്നിൽ വന്നു ഹോൺ അടിക്കാൻ നീ ആരെടാ' എന്ന് ചോദിച്ചു കൊണ്ടായിരുന്നു മർദ്ദനം. പ്രതികൾ വാഹനത്തിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഷമീറിനെ കുത്താൻ ശ്രമിക്കുകയും മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്. സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ഗുണ്ടാ ആക്രമങ്ങളുടെ ഏറ്റവും പുതിയ സംഭവമായിരുന്നു പോലീസ് ഉദ്യോഗസ്ഥന് ൻറെ ഉണ്ടായത്.
പതിനെട്ടോളം കേസുകളിലെ പ്രതിയായ ഷാനിഫർ കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽപെട്ട കുറ്റവാളിയാണ്. വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തിയാണ് പ്രതികളെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.