എംസി ഉണ്ട്..ഹണിബീ ഉണ്ട് ഏത് വേണം..!!; അറിഞ്ഞ് വിളിച്ചാൽ വിളിപ്പുറത്താണ് ജോണി ചേട്ടൻ; ഡ്രൈ ഡേയ്ക്ക് വരെ സാധനം കിട്ടും; കാര്യം എക്‌സൈസ് അറിഞ്ഞതും ട്രോഫി കിട്ടി
കൽപ്പറ്റ: ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചിടുന്ന ദിവസങ്ങളിലും മറ്റും അമിത വില ഈടാക്കി വിൽക്കാനായി സൂക്ഷിച്ച 81 ബോട്ടിൽ വിദേശമദ്യവുമായി 75 വയസ്സുകാരൻ എക്‌സൈസിന്റെ പിടിയിൽ. പടിഞ്ഞാറത്തറ പറശ്ശിനിമുക്ക്, ചക്കിശ്ശേരി വീട്ടിൽ സി.ഡി. ജോണിയാണ് വാഹന പരിശോധനക്കിടെ അറസ്റ്റിലായത്.
ജോണിയുടെ പക്കൽ നിന്നും പിടിച്ചെടുത്ത മദ്യത്തിന് 40.5 ലിറ്റർ വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സർക്കാർ നേരിട്ട് മദ്യം വിൽക്കുന്ന സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്ന ദിവസങ്ങളിൽ, വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് അമിത വില ഈടാക്കി മദ്യം എത്തിച്ചുനൽകി വരികയായിരുന്നു ജോണി. ഇയാളുടെ പ്രവർത്തനങ്ങൾ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. ജിനോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ് ഗോപി, സജി പോൾ, കെ.കെ. വിഷ്ണു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.വി. സൂര്യ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ അൻവർ കളോളി എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തി ജോണിയെ അറസ്റ്റ് ചെയ്തത്.