സഹപാഠിയായ വിദ്യാർത്ഥിനിയോട് സംസാരിച്ചതിൽ പ്രതികാരം; പട്ടികജാതിക്കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; ഫോണും പണവും തട്ടിയെടുത്തു; പ്രതികൾക്ക് ഒൻപതു വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
കണ്ണൂർ: പട്ടികജാതിക്കാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ക്ക് ഒൻപതുവര്‍ഷവും ഏഴുമാസവും തടവും 16,000 രൂപവീതം പിഴയും ശിക്ഷ വിധിച്ചു മൂന്ന് പേർക്ക് കോടതി ശിക്ഷ വിധിച്ചു. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡ് ചുള്ളിയോടന്‍ പൊട്ടിച്ചി ഹൗസില്‍ സി.പി.മുഹമ്മദ് താഹ(34), അള്ളാംകുളം മണ്ടന്‍ കണ്ടീരകത്ത് ഹൗസില്‍ എം.കെ.മജീദ് (42), ഫാറൂഖ് നഗര്‍ കൊടിയില്‍ ഹൗസില്‍ കെ.താഹ യാസിന്‍ (33) എന്നിവരെയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദ് വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. സഹപാഠിനിയായ ഇതര സമുദായത്തിലെ പെൺകുട്ടിയോട് സംസാരിച്ച വിരോധത്തിലായിരുന്നു അക്രമം.
രണ്ടാം പ്രതി തിരുവട്ടൂര്‍കാരന്‍ ഹൗസില്‍ കെ ടി മൻസൂര്‍ വിചാരണക്ക് ഹാജരായില്ല. അഞ്ചാംപ്രതി പുഷ്പഗിരി സാജ് മന്‍സിലില്‍ സാന്‍ജിത് സയ്യിദിനെ വെറുതെവിട്ടു. പിഴയടച്ചാല്‍ പരിക്കേറ്റ വിദ്യാര്‍ഥിക്ക് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. മതനിരപേക്ഷ രാജ്യത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രവ്യത്തിയാണ് പ്രതികളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി വിധിന്യായത്തില്‍ ജഡ്ജ് കെ.ടിനിസാർ അഹ്മ്മദ് നിരീക്ഷിച്ചു. സദാചാര ഗുണ്ടായിസം മാത്രമല്ല സംഭവമെന്ന് പറഞ്ഞ കോടതി മതമൗലികവാദത്തിന്റെ പുതിയ രൂപമാണിതെന്നും വിഷയത്തെ ഗൗരവത്തോടെ കാണണമെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷ നല്‍കിയില്ലെങ്കില്‍ ഇതു പോലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുമെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
2017 ഏപ്രില്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് മന്ന ജങ്ഷനില്‍ ബസ്സ്റ്റോപ്പിനടുത്തുവച്ചായിരുന്നു ആക്രമണം. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിലെ ഒന്നാംവര്‍ഷ ബിഎ വിദ്യാര്‍ത്ഥി ആലക്കോട് വട്ടക്കയം കുമ്പളങ്ങാനത്ത് ഹൗസില്‍ ലാല്‍ജിത്ത് കെ സുരേഷിനെ (19)യാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. മൊബൈല്‍ഫോണും പണവും പിടിച്ചുപറിക്കുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ് ബസ് കാത്തുനില്‍കുന്നതിനിടെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയുമായി സംസാരിക്കുന്നതിനിടെയാണ് സുരേഷിനെ ബലമായി പിടിച്ചുകൊണ്ടുപോയത്. തളിപ്പറമ്പ് റോയല്‍ സ്‌കൂളിന് സമീപത്തെ ഗ്രൗണ്ടില്‍ എത്തിച്ച് മർദ്ദിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. ജാതിചോദിച്ചശേഷം
ഹയര്‍സെക്കന്‍ഡറിയില്‍ ഒന്നിച്ച് പഠിച്ചവരായിരുന്നു വിദ്യാര്‍ത്ഥികള്‍. 17 സാക്ഷികളെ കോടതി വിസ്തരിച്ചു. 24 രേഖകളും ആറ് തൊണ്ടിമുതലുകളും പരിശോധിച്ചു. പട്ടിക ജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം ഉള്‍പ്പെടെ ചേര്‍ത്ത് തളിപ്പറമ്പ് എസ്‌ഐ ബിനു മോഹനാണ് കേസെടുത്തത്. ഡി വൈഎസ്പി കെ വി വേണുഗോപാല്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോ സിക്യൂട്ടര്‍ കെ അജിത്കുമാര്‍ ഹാജരായി. ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, കെ.പ്രിയേഷ്, കെ.വി.രമേശന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.