തൃശൂരിൽ സിപിഐ നേതാവിന്‍റെ വീടിനുനേരെ ആക്രമണം; വ്യാപക കല്ലേറ്; ജനൽ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു; ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങിയതും നടന്നത്; അന്വേഷണം ഊർജിതം
തൃശൂര്‍: സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ വീടിനുനേരെ വ്യാപക ആക്രമണം. ഒരുമനയൂരിലാണ് സംഭവം നടന്നത്. വീടിന്‍റെ ജനൽ ചില്ലുകൾ ആക്രമി എറിഞ്ഞു തകർത്തു. സി.പി.ഐ ഒരുമനയൂർ ലോക്കൽ സെക്രട്ടറി മുത്തമ്മാവ് വടക്കേ പുരക്കൽ ചന്ദ്രന്‍റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. വീടിനു മുന്നിലെ റോഡിലൂടെ നടന്നു വന്ന ആക്രമി വീടിനു നേരെ കല്ലെറിയുകയായിരുന്നു.
ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും ആക്രമിയെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനുമുമ്പും രണ്ടുതവണ വീടിനു നേരെ ആക്രമണം നടന്നിരുന്നതായി ചന്ദ്രൻ വ്യക്തമാക്കി. ഇക്കഴിഞ്ഞ ആറിനും വീടിനു നേരെ ആക്രമണം നടന്നതായി ചന്ദ്രൻ പറഞ്ഞു. ഇതേസമയം, താൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വീട്ടിലെത്തിയപ്പോഴാണ് ആക്രമണ വിവരം അറിഞ്ഞത്. പിന്നാലെയാണ് ചൊവ്വാഴ്ച രാത്രി വീണ്ടും ആക്രമണം ഉണ്ടായത്. സംഭവത്തിൽ ചന്ദ്രൻ പോലീസിൽ പരാതി നൽകി. പ്രതിക്കായി അന്വേഷണം തുടങ്ങി.