ജയിൽ ഉദ്യോഗസ്ഥർക്ക് നേരെ വധശ്രമ കേസ് പ്രതിയുടെ ആക്രമണം; ഇഷ്ടിക കൊണ്ടുള്ള ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്; സംഭവം പൂജപ്പുര സെൻട്രൽ ജയിലിൽ
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരന്റെ ആക്രമത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്ക്. വധശ്രമ കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന പ്രതിയാണ് പ്രകോപനമില്ലാതെ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ചാവക്കാട് സ്വദേശി ബിൻഷാദ് ആണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയത്. പ്രകോപനമൊന്നുമില്ലാതെ ഇയാൾ ഇഷ്ടിക കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള ഇയാൾ നിരവധി കേസുകളിൽ പ്രതിയുമാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാവോയിസ്റ്റ് അനുഭാവിയായ ചന്ദ്രു എന്ന തിരുവെങ്കിടത്തെയും ഇയാൾ ജയിലിൽ വെച്ച് ആക്രമിച്ചിരുന്നു. തുടർന്ന് ജയിൽ അധികൃതർ ബിൻഷാദിനെതിരെ നടപടി സ്വീകരിച്ചിരുന്നു. സംഭവത്തിൽ പൂജപ്പുര പോലീസിൽ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.
ഇതിനിടെയാണ് ബിൻഷാദ് വീണ്ടും ജയിലിൽ ആക്രമണം നടത്തിയത്. ഈ സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കോഴിക്കോട് ജില്ലാ ജയിലിലും സമാനമായ സംഭവം ഉണ്ടായി. രണ്ട് പ്രതികൾ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. കുപ്പിച്ചില്ലും കൈയ്യാമവും ഉപയോഗിച്ചായിരുന്നു കോഴിക്കോട് ജയിലിലെ ആക്രമണം.