നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ ആളെ ഇറക്കുകയായിരുന്ന ബസ്സിന്റെ വാതിലിൽ ഇടിച്ചു; വിദ്യാർഥിനിക്ക് പരിക്ക്; സംഭവം പാലക്കാട് പട്ടാമ്പിയിൽ
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ബസ്സിന്റെ വാതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥിനിക്ക് പരിക്ക്. രാവിലെ 10 മണിയോടെ മേലെ പട്ടാമ്പി പൊലീസ് സ്റ്റേഷൻ സമീപത്തെ ബസ്റ്റോപ്പിലായിരുന്നു അപകടം ഉണ്ടായത്. പലവ്യഞ്ജനങ്ങളുമായി വരികയായിരുന്ന പെട്ടി ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. ആളെ ഇറക്കുന്നതിനിടെയാണ് ഓട്ടോറിക്ഷ ബസ്സിന്റെ വാതിലിൽ ഇടിച്ചത്.
വളാഞ്ചേരിയിൽ നിന്നും പട്ടാമ്പിക്ക് വരികയായിരുന്നു സ്വകാര്യ ബസ്. ബസ് സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുന്നതിനിടെ പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു ഫുട്പാത്തിലൂടെ സഞ്ചരിച്ച് ബസ്സിന്റെ മുൻ വാതിലിന്റെ ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ സമയം ബസ്സിൽ നിന്നും ഇറങ്ങുന്ന വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ പട്ടാമ്പി ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പട്ടാമ്പി പൊലീസ് അറിയിച്ചു.